ഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റിപ്ളസ് അനുശോചിച്ചു
Tuesday, June 28, 2016 5:40 AM IST
ഫ്രാങ്ക്ഫര്‍ട്ട്: പ്രശസ്ത നാടകകൃത്തും സംവിധായകനും സോപാന സംഗീതപണ്ഡിതനും കവിയും പദ്മഭൂഷണ്‍ ജേതാവുമായ കാവാലം നാരായണ പണിക്കരുടെ നിര്യാണത്തില്‍ ഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റിപ്ളസ് അനുശോചിച്ചു.

ആധുനിക മലയാള നാടക ശാഖയെ നവീകരിച്ച് മലയാളത്തിന്റെ തനതു നാടകവേദിയാക്കി രൂപപ്പെടുത്തുന്നതില്‍ മുഖ്യപങ്കു വഹിച്ച നാടകാചാര്യനായിരുന്നു കാവാലം നാരായണപണിക്കരെന്നും അദ്ദേഹത്തിന്റെ സ്മരണ എന്നും നിലനില്‍ക്കുമെന്നും ഫിഫ്റ്റിപ്ളസ് അനുസ്മരിച്ചു. കാക്കാരിശി നാടകം പോലെയുള്ള നാടോടി നാടകരൂപങ്ങളുടെയും കൂടിയാട്ടം കഥകളി തുടങ്ങിയ രംഗകലകളുടേയും തിറ, തെയ്യം തുടങ്ങിയ അനുഷ്ഠാന കലാരൂപങ്ങളുടേയും ചുവടുപിടിച്ചുള്ള സവിശേഷമായ ഒരു അഭിനയരീതിയാണു കാവാലം കൊണ്ടുവന്ന തനതുനാടകവേദിയുടെ അടിത്തറ എന്ന് കുട്ടനാട്ടുകാരനായ മാത്യു കൂട്ടക്കര അനുസ്മരിച്ചു.

സംസ്കൃത നാടകങ്ങളിലൂടെയും മണ്ണിന്റെ മണമാര്‍ന്ന തനത് നാടകവേദി പ്രസ്ഥാനത്തിലൂടെയും മലയാള നാടകവേദിയെ പുതിയ ഭാവകത്വത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ കാവാലത്തിനു കഴിഞ്ഞുവെന്നു നാടകസംവിധായകനും നടനുമായ തോമസ് കല്ലേപ്പള്ളി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍