മാഞ്ചസ്റര്‍ തിരുനാളിനു ജൂണ്‍ 26നു കൊടിയേറും
Saturday, June 25, 2016 8:52 AM IST
ലണ്ടന്‍: യുകെയില്‍ എമ്പാടും തിരുനാള്‍ ആഘോഷങ്ങള്‍ നടക്കുന്നുണ്െടങ്കിലും മാഞ്ചസ്റര്‍ ദുക്റാന തിരുനാളില്‍ പങ്കെടുക്കുക എന്നത് ഏതൊരു മലയാളിയുടെയും ആഗ്രഹമാണ്. ഒരു പതിറ്റാണ്ടു മുന്‍പ് മലയാളി കുടിയേറ്റത്തിനു തുടക്കം കുറിച്ചപ്പോള്‍ നാട്ടിലെ തനതായ രീതിയില്‍ ആദ്യമായി തിരുനാള്‍ ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചത് മാഞ്ചസ്ററില്‍ ആയിരുന്നു. അന്നു മുതല്‍ എല്ലാ വര്‍ഷവും ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ചകളിലാണ് ഭാരത അപ്പോസ്തലന്‍ മാര്‍ തോമാശ്ളീഹായുടെ ദുക്റാന തിരുനാള്‍ ആഘോഷങ്ങള്‍ മാഞ്ചസ്ററില്‍ നടന്നു വരുന്നത്.

ഈ വര്‍ഷം മുതല്‍ ഷ്രൂസ്ബറി രൂപതയുടെ സംയുക്ത തിരുനാള്‍ ആയി മാഞ്ചസ്റര്‍ തിരുനാള്‍ മാറിയതോടെ രൂപതയിലെ വിവിധ മാസ് സെന്ററുകളില്‍ നിന്നുള്ള വിശ്വാസികള്‍ ഒത്തു ചേര്‍ന്നാണ് തിരുനാള്‍ ആഘോഷങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്.

ജൂണ്‍ 26നു വൈകുന്നേരം അഞ്ചിനു വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഇടവക വികാരി റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയെ തുടര്‍ന്നാണ് ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന മാഞ്ചസ്റര്‍ തിരുനാളിന് കൊടിയേറുന്നത്. ദിവ്യബലി മധ്യേ പ്രസുദേന്തി വാഴ്ചയും വെഞ്ചരിപ്പും നടക്കും. കൊടിയേറ്റിനെ തുടര്‍ന്നാണ് ഉത്പന്ന ലേലം നടക്കുക.

ദിവസവും വൈകുന്നേരം അഞ്ചിന് ദിവ്യബലിയും മധ്യസ്ഥ പ്രാര്‍ഥനയും ലദീഞ്ഞും സെന്റ് ആന്റണീസ് ദേവാലയത്തില്‍ നടക്കും. ജൂലൈ ഒന്നിനു വൈകുന്നേരം നാലിന് ദിവ്യബലിക്ക് തുടക്കമാകും. തുടര്‍ന്നു വൈകുന്നേരം ആറു മുതല്‍ വിഥിന്‍ഷോ ഫോറം സെന്ററില്‍ മലയാളത്തിന്റെ പ്രശസ്ത പിന്നണി ഗായകന്‍ ബിജു നാരായണനും സംഘവും നയിക്കുന്ന ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ നടക്കും. പരിപാടിയിലേക്കുള്ള പ്രവേശനം സൌജന്യം ആണെങ്കിലും പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരിക്കുകയാണ്.

പ്രധാന തിരുനാള്‍ ദിനമായ ജൂലൈ രണ്ടിനു രാവിലെ 10ന് പൊന്തിഫിക്കല്‍ കുര്‍ബാനക്ക് തുടക്കമാകും. ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ബിഷപ് മാര്‍ക്ക് ഡേവീസ് ദിവ്യബലി മധ്യേ സന്ദേശം നല്‍കും. തുടര്‍ന്നു തിരുനാള്‍ പ്രദക്ഷിണത്തിനു തുടക്കമാകും. തുടര്‍ന്നു ഊട്ട് നേര്‍ച്ച വിതരണവും സ്നേഹവിരുന്നും നടക്കും. ഇതേ സമയം പള്ളി പരിസരത്ത് മാജിക് ഷോയും ബലൂണ്‍ മോഡലിംഗും നടക്കുമ്പോള്‍ മാതൃവേദിയുടെയും യൂണിയന്റേയും ഉള്‍പ്പെടെ വിവിധങ്ങളായ സ്റാളുകള്‍ പള്ളിപരിസരത്ത് പ്രവര്‍ത്തിക്കും.

ഇടവക വികാരി റവ ഡോ ലോനപ്പന്‍ അരങ്ങാശേരിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധങ്ങളായ കമ്മിറ്റികള്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍