അഭയാര്‍ഥികളുടെ എണ്ണം റിക്കാര്‍ഡ് ഭേദിച്ചു: യുഎന്‍
Monday, June 20, 2016 8:21 AM IST
ബെര്‍ലിന്‍: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഘര്‍ഷങ്ങള്‍ കാരണം വീടും നാടും ഉപേക്ഷിച്ച് പലായനം ചെയ്യുന്നവരുടെ എണ്ണം സര്‍വകാല റിക്കാര്‍ഡ് ഭേദിച്ചതായി ഐക്യരാഷ്ട്ര സഭയുടെ കണക്ക്.

65.3 മില്യന്‍ ആളുകള്‍ ഇപ്പോള്‍ അഭയാര്‍ഥികളായി കഴിയുന്നു എന്നാണ് കണക്കാക്കുന്നത്. 2015ന്റെ അവസാനം വരെ മാത്രമുള്ള കണക്കാണിത്. ഒറ്റ വര്‍ഷത്തെ മാത്രം വര്‍ധന അമ്പതു ലക്ഷം!

ലോകത്തെ ആകെ ജനതയില്‍ 113ല്‍ ഒരാള്‍ വീതം ഇന്ന് അഭയാര്‍ഥിയായി കഴിയുന്നു എന്നു കൂടിയാണ് ഈ കണക്കു നല്‍കുന്നത്. ഇതിനൊപ്പം, അഭയാര്‍ഥികള്‍ കൂട്ടമായി എത്തുന്ന സ്ഥലങ്ങളില്‍ അവരോട് തദ്ദേശവാസികള്‍ക്കുള്ള വെറുപ്പും ഭയവും വര്‍ധിച്ചു വരികയാണെന്നും യുഎന്‍ റെഫ്യൂജി ഏജന്‍സി വിലയിരുത്തുന്നു.

പല രാജ്യങ്ങളുടെയും കുടിയേറ്റ വിരുദ്ധ - അഭയാര്‍ഥി വിരുദ്ധ നയങ്ങളും തീവ്ര വലതുപക്ഷ സംഘടനകളും കാരണം അഭയാര്‍ഥികള്‍ വര്‍ധിച്ച ബുദ്ധിമുട്ടാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍