കൊളോണില്‍ പെരുനാള്‍ പ്രസുദേന്തിയെ ആദരിച്ചു
Saturday, June 18, 2016 8:05 AM IST
കൊളോണ്‍: കഴിഞ്ഞ നാല്പത്തിയേഴു വര്‍ഷമായി ജര്‍മനിയിലെ കൊളോണ്‍ അതിരൂപതയിലെയും ആഹന്‍, എസന്‍, കൊളോണ്‍ എന്നീ രൂപതകളിലെയും ഇന്ത്യക്കാരുടെ കൂട്ടായ്മയായ കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ 2015 ലെ പെരുന്നാളിന്റെ പ്രസുദേന്തി ജോസ് മറ്റത്തില്‍ കുടുംബത്തെ ആദരിച്ചു. കൊളോണ്‍ ബുഹ്ഹൈമിലെ സെന്റ് തെരേസിയ ദേവാലയത്തില്‍ കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐയുടെ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിക്കുശേഷം പാരീഷ്ഹാളിലാണ് ചടങ്ങുകള്‍ നടന്നത്.

കണ്ണൂര്‍ ചെറുപുഴ സ്വദേശി ജോസ് മറ്റത്തില്‍, ഭാര്യ അച്ചാമ്മ എന്നിവര്‍ക്ക് ഇഗ്നേഷ്യസച്ചന്‍ യഥാക്രമം മെമെന്റോയും പൂച്ചെണ്ടും നല്‍കി ആദരിച്ചു. ഇന്ത്യന്‍ കമ്യൂണിറ്റിയുടെ മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ മുപ്പത്തിയഞ്ചാമത്തെ തിരുനാളിനും കൂട്ടായ്മ ദിനത്തിനുമാണ് ജോസും കുടുംബവും നേതൃത്വം നല്‍കിയത്.

കൊളോണ്‍ കര്‍ദ്ദിനാള്‍ മരിയ വോള്‍ക്കിയുടെ കീഴിലുള്ള ഇന്ത്യന്‍ കമ്യൂണിറ്റിയുടെ പ്രവര്‍ത്തനം 1969 ലാണ് ആരംഭിച്ചത്.ഏതാണ്ട് എഴുനൂറിലേറെ കുടുംബങ്ങള്‍ കമ്യൂണിറ്റിയില്‍ അംഗങ്ങളായുണ്ട്. കഴിഞ്ഞ പതിനാറു വര്‍ഷമായി ഇവിടെ സേവനം ചെയ്തുവരികയാണ് ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍