ജര്‍മന്‍ ടീമിന്റെ സ്പോണ്‍സറായി അഡിഡാസ് തുടരും
Friday, June 17, 2016 8:18 AM IST
ബെര്‍ലിന്‍: ലോകത്തിലെ ഏറ്റവും വലിയ സ്പോര്‍ട്സ് ഉപകരണങ്ങളുടെ നിര്‍മാതാക്കളായ ജര്‍മനിയിലെ അഡിഡാസ് കമ്പനി ജര്‍മന്‍ ഫുട്ബോള്‍ ടീമിന്റെ സ്പോണ്‍സറായി വീണ്ടും തുടരും. ഇതുസംബന്ധിച്ച കരാര്‍ ജര്‍മന്‍ ഫുട്ബോള്‍ ഫെഡറേഷനും (ഡിഎഫ്ബി) അഡിസാസ് കമ്പനിയും തമ്മില്‍ പുതുക്കി. 70 മില്യന്‍ യൂറോയാണ് സ്പോണ്‍സര്‍ തുക. 2018 വരെയുണ്ടായിരുന്ന കരാറാണ് ഇപ്പോള്‍ 2022 വരെ പുതുക്കിയിരിക്കുന്നത്. കഴിഞ്ഞ 60 വര്‍ഷമായി ഡിഎഫ്ബിയുമായി അഡിഡാസ് വിവിധ കരാറുകളിലൂടെ സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.

അഡിഡാസ് എന്നെഴുതിയതിന്റെ മുകളില്‍ മൂന്നുവരകൊണ്ടു ത്രികോണത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന കമ്പനിയുടെ ലോഗോയും ജര്‍മനിയുടെ ദേശീയ ചിഹ്നമായ പരുന്തും നാലു നക്ഷത്രവും ചേര്‍ത്തുള്ള ജേഴ്സിയായിരിക്കും ജൂണ്‍ 21നു (ചൊവ്വ) നോര്‍ത്തേണ്‍ അയര്‍ലന്‍ഡും ജര്‍മനിയും തമ്മിലുള്ള മല്‍സരത്തിന് ജര്‍മന്‍ താരങ്ങള്‍ അണിയുന്നത്.

ഈ വര്‍ഷം പകുതിവരെയുള്ള കണക്കനുസരിച്ച് നിലവിലെ ലോകകപ്പ് ജേതാക്കളായ ജര്‍മനിയുടെ 1.3 മില്യന്‍ ജേഴ്സികളാണ് വിറ്റഴിച്ചിരിക്കുന്നത്. മാഞ്ചസ്റര്‍ യുണൈറ്റഡില്‍ ചേക്കേറിയ ജര്‍മന്‍ താരം ബാസ്റ്യാന്‍ ഷൈന്‍സ്റൈഗര്‍ ക്ളബിനുവേണ്ടി കളിക്കുമ്പോഴും അഡിഡാസിന്റെ ജേഴ്സിയാണ് അണിയുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍