ഇന്ത്യന്‍ ബാലന്‍ ലുഫ്താന്‍സ ഇന്‍ഫ്ളൈറ്റ് അനൌണ്‍സ്മെന്റ് നടത്തി
Thursday, June 16, 2016 6:17 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ലുഫ്താന്‍സ എയര്‍ലൈന്‍സില്‍ ഇന്‍ഫ്ളൈറ്റ് അറിയിപ്പു നല്‍കാനെത്തിയത് ഇന്ത്യക്കാരനായ ഒന്‍പതുകാരന്‍. മുംബൈയില്‍നിന്നുള്ള യഷാസ് ദസാനി എന്ന കുട്ടിയാണ് ലൈവ് അറിയിപ്പിനായി ലുഫ്താന്‍സ വിമാനത്തിലെത്തിയത്.

ഫ്രാങ്ക്ഫര്‍ട്ട് -മുംബൈ ലുഫ്താന്‍സ എയര്‍ലൈന്‍സ് ഫ്ളൈറ്റിലാണ് ഇത്രയും ചെറിയ കുട്ടി ആദ്യമായി ഇന്‍ഫ്ളൈറ്റ് അറിയിപ്പു നല്‍കുന്നത്. ലുഫ്താന്‍സ എയര്‍ലൈന്‍സ് ഫ്ളൈറ്റ് ക്രൂവിന്റെ ഡ്രസും തൊപ്പിയും അണിഞ്ഞുകൊണ്ടാണ് യഷാസ് ദസാനി അനൌണ്‍സ്മെന്റ് നടത്തിയത്.

വിദേശികളായ 350 ലുഫ്താന്‍സ യാത്രക്കാരെയാണ് ഇന്ത്യക്കാരനായ ഈ കൊച്ചുമിടുക്കന്‍ അഭിസംബോധന ചെയ്ത് അനൌണ്‍സ്മെന്റ് നടത്തിയത്.

ലുഫ്താന്‍സായുടെ യുവര്‍ അനൌണ്‍സ്മെന്റ് പരിപാടിയില്‍ വിജയിയായതിനെ തുടര്‍ന്നാണ് യഷാസിനു അറിയിപ്പു നടത്താനുള്ള അവസരം ലഭിച്ചത്.

ഈ വര്‍ഷം ആദ്യം ലുഫ്താന്‍സ സംഘടിപ്പിച്ച മത്സരത്തില്‍ 250 ഓളം കുട്ടികള്‍ പേരു രജിസ്റര്‍ ചെയ്തിരുന്നു. ഒന്‍പതു രാജ്യങ്ങളില്‍ നിന്നായി ആറിനും പത്തിനുമിടയില്‍ പ്രായംവരുന്ന കുട്ടികളി നിന്നാണ് യഷാസ് ദസാനി വിജയിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്‍ഫ്ളൈറ്റ് അനൌണ്‍സ്മെന്റിനുശേഷം യഷാസിനെ യാത്രക്കാര്‍ അഭിനന്ദിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍