ശൈശവ വിവാഹം: ജര്‍മനി നിയമം കര്‍ക്കശമാക്കുന്നു
Tuesday, June 14, 2016 8:32 AM IST
ബെര്‍ലിന്‍: ശൈശവ വിവാഹങ്ങള്‍ കര്‍ക്കശമായി തടയാന്‍ ഉദ്ദേശിച്ച് ജര്‍മനി നിയമങ്ങള്‍ കര്‍ക്കശമാക്കാന്‍ നടപടിയെടുക്കുന്നു. രാജ്യത്ത് ഇത്തരം പ്രവണത വളര്‍ന്നു വരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്ന സാഹചര്യത്തിലാണിത്. ഇതുസംബന്ധിച്ച വിവരങ്ങള്‍ ജര്‍മന്‍ നിയമകാര്യമന്ത്രി ഹൈക്കോ മാസും സാമൂഹ്യക്ഷേമമന്ത്രി മാനുവേലാ ഹോള്‍സ്റൈനും വ്യക്തമാക്കി.

ജര്‍മനിയിലേക്ക് അഭയാര്‍ഥികളായി എത്തുന്ന പലരും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ മുതിര്‍ന്നവര്‍ക്ക് വിവാഹം കഴിച്ചു കൊടുക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ നൂറുകണക്കിനു കേസുകളും രജിസ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

ഇതില്‍ പലരും വിവാഹം നടത്തിയ ശേഷമാണു യൂറോപ്പിലേക്കു വരുന്നത്. 18നു താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെ വിവാഹം നടത്തിയതുമായി ബന്ധപ്പെട്ട് 550 കേസും പതിനാറില്‍ താഴെയുള്ളവരെ വിവാഹം കഴിപ്പിച്ചതുമായി ബന്ധപ്പെട്ട് 181 കേസും ബവേറിയയില്‍ മാത്രം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ബേഡന്‍ വുര്‍ഡ്ഡംബര്‍ഗില്‍ 117, നോര്‍ത്ത് റൈന്‍ വെസ്റ്ഫാലിയയില്‍ 188 എന്നിങ്ങനെയാണ് കേസുകള്‍.

ജര്‍മനിയില്‍ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കുന്നതിനുള്ള പ്രായ പരിധി ഉയര്‍ത്തുന്നതും സര്‍ക്കാര്‍ പരിഗണിക്കുന്നു. നിലവില്‍ പതിനെട്ടാണ് ജര്‍മനിയിലെ പ്രായ പരിധി. എന്നാല്‍, മാതാപിതാക്കളുടെ സമ്മതത്തോടെ പതിനാറു വയസിലും വിവാഹം കഴിക്കാം. വിദേശ രാജ്യങ്ങളില്‍ പ്രായപൂര്‍ത്തിയെത്തും മുന്‍പ് നടത്തപ്പെട്ട വിവാഹങ്ങള്‍ക്കു നിയമ പ്രാബല്യം നല്‍കുന്ന കാര്യത്തിലും ചര്‍ച്ച നടന്നുവരികയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍