യൂറോപ്യന്‍ യൂണിയന്‍ വിട്ടാല്‍ പെന്‍ഷന്‍ ഇല്ല: കാമറോണ്‍
Monday, June 13, 2016 8:17 AM IST
ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിക്കാന്‍ ബ്രിട്ടീഷ് ജനത വിധിയെഴുതിയാല്‍ അനതിവിദൂര ഭാവിയില്‍ പെന്‍ഷന്‍, എന്‍എച്ച്എസ്, പ്രതിരോധ മേഖല എന്നിവയ്ക്കു പണം കണ്ടെത്താന്‍ കഴിയാതെ വരുമെന്നു പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെയും ചാന്‍സലര്‍ ജോര്‍ജ് ഓസ്ബോണിന്റെയും മുന്നറിയിപ്പ്.

പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ ഗണ്യമായി വര്‍ധിപ്പിക്കാതെ പെന്‍ഷന്‍ തുടരാന്‍ സാധിക്കാത്ത അവസ്ഥ വരും. അത് സാധാരണ ജനങ്ങളെ ഗുരുതരമായി ബാധിക്കുമെന്നും കാമറോണ്‍.

എന്നാല്‍, പരാജയപ്പെട്ടു കൊണ്ടിരിക്കുന്ന പ്രചാരണ പരിപാടിയെ കരകയറ്റാനുള്ള ഭ്രാന്തമായ ശ്രമം മാത്രമാണ് കാമറൂണിന്റെയും ഓസ്ബോണിന്റെയും ഭീഷണിയെന്ന് എതിര്‍ വിഭാഗം ആരോപിക്കുന്നു.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിച്ചാല്‍ പ്രതിരോധ ബജറ്റില്‍ പ്രതിവര്‍ഷം ഒരു ബില്യന്‍ മുതല്‍ ഒന്നര ബില്യന്‍ വരെ വെട്ടിക്കുറവ് വരുത്തേണ്ടിവരുമെന്നാണ് ഓസ്ബോണ്‍ പറയുന്നത്. സമാനമായ കുറവ് എന്‍എച്ച്എസിനുള്ള സര്‍ക്കാര്‍ വിഹിതത്തിലും വരും.

വിശാലമായ സമ്പദ് വ്യവസ്ഥ ചുരുങ്ങുന്നതു കാരണമാണ് ഇത്തരം പ്രത്യാഘാതങ്ങള്‍ ഉണ്ടാകുക എന്നാണ് ഇരു നേതാക്കളുടെയും വിശദീകരണം. പുതിയതായി കടുത്ത ചെലവു ചുരുക്കല്‍ നടപടികള്‍ ഏര്‍പ്പെടുത്തുന്ന സ്ഥിതി വിശേഷത്തെക്കുറിച്ചും ഇരുവരും മുന്നറിയിപ്പു നല്‍കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍