ബ്രെക്സിറ്റ് ടൂറിസത്തെ ബാധിക്കും; നഷ്ടപ്പെടാന്‍ പോകുന്നത് നാലു ബില്യന്‍ പൌണ്ട്
Saturday, June 11, 2016 8:16 AM IST
ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍നിന്നു പിന്‍മാറാന്‍ യുകെ തീരുമാനിച്ചാല്‍ ടൂറിസം മേഖലയെ അതു ഗുരുതരമായി ബാധിക്കുമെന്നു പുതിയ സര്‍വേ റിപ്പോര്‍ട്ട്.

യൂറോപ്യന്‍ യൂണിയന്റെ ഭാഗമല്ലാത്ത ഒരു ബ്രിട്ടനിലേക്കുള്ള യാത്ര റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യുമെന്നാണ് യൂറോപ്യന്‍ രാജ്യങ്ങള്‍, യുഎസ്, കാനഡ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ പറയുന്നത്.

ഇങ്ങനെ സംഭവിച്ചാല്‍ യുകെയ്ക്ക് പ്രതിവര്‍ഷം നാലു ബില്യന്‍ പൌണ്ടിന്റെ നഷ്ടം വരുമെന്നും കണക്കാക്കുന്നു.

യുഎസ്, കാനഡ, വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള എണ്ണായിരം യാത്രക്കാര്‍ക്കിടയിലായിരുന്നു സര്‍വേ. അതേസമയം, യൂറോപ്യന്‍ യൂണിയനില്‍നിന്നു പുറത്തു പോയാല്‍ യുകെ യാത്ര ചെയ്യാന്‍ കൂടുതല്‍ സുരക്ഷിതമായ ഇടമായി മാറുമെന്നു ഫ്രാന്‍സില്‍നിന്നുള്ള ചിലര്‍ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു.

ഇതിനിടെ, മറ്റൊരു സര്‍വേയില്‍, ബ്രിട്ടന്‍ യൂണിയനില്‍നിന്നു പിന്‍മാറണം എന്ന് അഭിപ്രായപ്പെടുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയും രേഖപ്പെടുത്തിയിട്ടുണ്ട്. യൂറോപ്പിനുള്ളില്‍ നിന്നുള്ള കുടിയേറ്റ വിഷയം ഉയര്‍ത്തിക്കാട്ടി പിന്‍മാറ്റവാദക്കാര്‍ ഉയര്‍ത്തിയ തീവ്രമായ പ്രചാരണങ്ങളുടെ ഫലമാണിതെന്നാണ് വിലയിരുത്തല്‍.

ഇതുവരെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന അഭിപ്രായക്കാര്‍ക്ക് നേരിയ ഭൂരിപക്ഷമെങ്കിലും അവകാശപ്പെടാമായിരുന്നു. എന്നാല്‍, ഐസിഎം ഫോണ്‍ പോളില്‍ പിന്‍മാറ്റ വാദക്കാര്‍ 14 പോയിന്റ് മുന്നേറി വ്യക്തമായ ലീഡ് നേടിക്കഴിഞ്ഞിരിക്കുകയാണ്. ഇതിനെത്തുടര്‍ന്നു ഡോളിനെതിരേ പൌണ്ടിന്റെ മൂല്യത്തില്‍ കുത്തനെ ഇടിവും രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍