യൂറോ കപ്പ് : ആശങ്കയിലും ആവേശം ചോരാതെ ഫ്രാന്‍സ്
Friday, June 10, 2016 8:19 AM IST
പാരീസ്: സുരക്ഷാ ഭീഷണി, വെള്ളപ്പൊക്കം, സമര പരമ്പര എന്നിങ്ങനെ ആശങ്കകള്‍ ഏറെയായിരുന്നു യൂറോ കപ്പ് സംഘാടകര്‍ക്ക്. പ്രതിസന്ധികള്‍ ഏറെയായിരുന്നു. എന്നാല്‍, സകല ആശങ്കകള്‍ക്കും വിരാമം കുറിച്ച് ഫ്രാന്‍സ് ഫുട്ബോളിന്റെ ആവശേത്തിലേക്ക് ആരവമുയര്‍ത്തിക്കഴിഞ്ഞു.

നവംബറില്‍ ഉണ്ടായ ഭീകരാക്രമണമാണ് ഫ്രാന്‍സിനെ ഇപ്പോഴും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. യൂറോ കപ്പിനിടെ ആക്രമണങ്ങള്‍ നടക്കാനുള്ള സാധ്യത ഇന്റലിജന്‍സ് ഏജന്‍സികള്‍ അറിയിക്കുകയും ചെയ്തിരിക്കുന്നു.

നവംബറിലെ ആക്രമണത്തെത്തുടര്‍ന്നു ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥ ഫ്രാന്‍സ് ഇനിയും പിന്‍വലിച്ചിട്ടില്ല. വന്‍ സുരക്ഷാ സന്നാഹങ്ങള്‍ യൂറോ കപ്പിനായി ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

നാലുവര്‍ഷത്തെ തയാറെടുപ്പിനും കാത്തിരിപ്പിനും ഇനി അവധി. കാല്‍പന്തു കളിയുടെ അനന്യമായ യൂറോപ്യന്‍ സൌന്ദര്യം പീലി വിടര്‍ത്തിയാടുന്ന വെള്ളിയാഴ്ചയുടെ രാത്രിയാമങ്ങളില്‍ ആരവങ്ങള്‍ക്കിടയില്‍ വിസിലിന്റെ നേര്‍ത്ത ഊളിയിടുന്ന സ്വരം കാതിലോടുമ്പോള്‍ ആദ്യമല്‍സരത്തിനുള്ള പന്തുരുളും.

വെള്ളിയാഴ്ച രാത്രി ഉദ്ഘാടനച്ചടങ്ങും ഉദ്ഘാടന മത്സരവും നടക്കുന്നത്. റൊമാനിയയും ആതിഥേയരായ ഫ്രാന്‍സും ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടും.

ഫ്രാന്‍സിന്റെ പുല്‍ത്തികടിയില്‍ യുവേഫയുടെ പന്തുരുളുമ്പോള്‍ ഇവിടെ പാറിപ്പറക്കുന്നത് ലോകജനതയെ എന്നും സ്നേഹത്തിന്റെ തണലിലാക്കുന്ന ഫുട്ബോള്‍ മാമാങ്കം മാത്രമല്ല പിന്നെയോ കഴിഞ്ഞ നവംബറില്‍ രാജ്യത്തു നിരപരാധികളുടെ ചോരപ്പുഴയൊഴുക്കിയ നരാധിപന്മാരുടെ ഭീകരതയ്ക്കു മേലുള്ള വെന്നിക്കൊടിയാണ്.

24 രാജ്യങ്ങള്‍ പങ്കെടുക്കുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഉദ്ഘാടനമത്സരത്തിന് മുന്നോടിയായി വര്‍ണശബളമായ പരിപാടികള്‍ അരങ്ങേറും. ഈഫല്‍ ടവറിന് താഴെ 90,000 കാണികള്‍ക്ക് വിരുന്നാകുന്ന ഓപ്പണ്‍ എയര്‍ സംഗീത പരിപാടിക്കൊപ്പം ഫ്രഞ്ച് സംസ്കാരത്തിന്റെ തനിമതെളിയുന്ന വിധങ്ങളായ പരിപാടികള്‍ ആദ്യദിനത്തെ കതിരണിയിക്കും. കൂടാതെ 150 ല്‍ അധികം നര്‍ത്തകരും അക്രോബാറ്റിക് കലാകാരന്മാരും അണിനിരക്കുന്ന പരിപാടിക്കു പുറമെ ഫ്രഞ്ച് എയര്‍ ഫോഴ്സിന്റെ ആകാശവിസ്മയക്കാഴ്ചയും ഉദ്ഘാടന മാമാങ്കത്തെ വര്‍ണാഭമാക്കും.

മത്സരത്തിനു മുന്നോടിയായി ഫ്രഞ്ച് ടീം പാരീസില്‍ പരിശീലനം നടത്തി. ഫ്രഞ്ച് ദേശീയതയെ സൂചിപ്പിക്കാന്‍, ഫ്രഞ്ച് ഫുട്ബോള്‍ അസോസിയേഷന്‍ ലോഗോയുടെ മാതൃകയിലുള്ള ഹെയര്‍ കട്ടുമായെത്തിയ പോള്‍ പോഗ്ബ തന്നെയാണ് ആരാധകരുടെ പ്രധാന ആകര്‍ഷണ കേന്ദ്രമായത്.

തോക്കിന്റെ മുന്നില്‍ ചിരിയോടെ

തീവ്രവാദം കൊടുമ്പിരിക്കെണ്ടിരിക്കുന്ന ലോകത്തില്‍ യൂറോമാമാങ്കം നേരില്‍ക്കാണാന്‍ ആസ്വദിക്കാന്‍ ഫ്രാന്‍സില്‍ എത്തുന്ന ലക്ഷോപലക്ഷം ഫുട്ബോള്‍ പ്രേമികളുടെ ജീവനും സ്വത്തിനും ഉറപ്പു നല്‍കേണ്ടത് ഫ്രഞ്ച് സര്‍ക്കാരിന്റെ കടമയും കര്‍ത്തവ്യവുമാണ്.അതിനുത്തമമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു കഴിഞ്ഞെങ്കിലും ചിരി ഉയരുന്നത് തോക്കിന്‍ മുനയിലാണെന്ന സത്യം മറന്നുകൂടാ. ടൂര്‍ണമെന്റിലെ 51 മത്സരങ്ങള്‍ക്ക് ആരവം നല്‍കാന്‍ ഏഴ് ദശലക്ഷം ആളുകള്‍ എത്തുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. രാജ്യത്തെ എല്ലാ സ്ഥലങ്ങളിലും കളിനടക്കുന്ന 10 സ്റേഡിയങ്ങളിലുമായി 90,000 അധികം പ്രത്യേകം പരിശീലനം നല്‍കിയിട്ടുള്ള സേനാംഗങ്ങളെ സുരക്ഷയ്ക്കായി രാപകലില്ലാതെ നിയോഗിച്ചിരിക്കുന്നത് തീവ്രവാദത്തിന്റെ എല്ലാ പഴുതുകളും അടച്ചാണ്.ഇതിനായി രാജ്യത്തുടനീളം മോക് ഡ്രില്ലുകളും പരേഡുകളും ഫ്രഞ്ച് പൊലീസ് നടത്തിയിരുന്നു.

യൂറോ കപ്പിന് ഡ്രോണ്‍ ആക്രമണ ഭീഷണിയും

യൂറോ കപ്പിനിടെ ഡ്രോണുകള്‍ ഉപയോഗിച്ച് ഭീകരര്‍ ആക്രമണം നടത്തിയേക്കുമെന്ന് ആശങ്ക. ഇതിനെതിരേ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ടീമുകളും ആലോചിക്കുന്നു.

ഭാവിയില്‍ ഭീകരര്‍ ഡ്രോണുകളെ കൂടുതല്‍ ആശ്രയിക്കാന്‍ സാധ്യതയുള്ളതായി ഫെഡറല്‍ ക്രിമിനല്‍ പോലീസ് ഓഫീസ് ചൂണ്ടിക്കാട്ടി. പരിപാടികള്‍ തടസപ്പെടുത്താനും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നിരീക്ഷണം നടത്താനും ആക്രമണങ്ങള്‍ വരെ സംഘടിപ്പിക്കാനും ഇവ ഉപയോഗിക്കപ്പെടാമെന്ന് ബികെഎ വക്താവ് മുന്നറിയിപ്പു നല്‍കുന്നു.

ഡ്രോണുകളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ യൂറോ കപ്പിനോടനുബന്ധിച്ചു പ്രത്യേക പരിഗണന നല്‍കുന്നു.

ഫിഫയില്‍ നിന്ന് സസ്പെന്‍ഷന്‍ ലഭിച്ച യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ളാറ്റിനിയുടെ സാന്നിധ്യം ഇല്ലാതെയാവും ഇത്തവണത്തെ മല്‍സരങ്ങള്‍ അരങ്ങേറുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍