ജര്‍മനിയില്‍ അഭയാര്‍ഥി ക്യാമ്പിനു തീവച്ചു; ആളപായമില്ല
Wednesday, June 8, 2016 8:26 AM IST
ഡ്യൂസല്‍ഡോര്‍ഫ്: ജര്‍മനിയിലെ അഭയാര്‍ഥി ക്യാമ്പില്‍ വന്‍ തീപിടിത്തം. ആളപായമുണ്ടായിട്ടില്ല. രക്ഷാപ്രവര്‍ത്തകരുടെ സമയോചിത ഇടപെടല്‍ കാരണം 130 പേരുടെ ജീവന്‍ രക്ഷിക്കാനായി.

വെസ്റ്ഫാളിയ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഡ്യുസല്‍ഡോര്‍ഫിലാണ് സംഭവം. അര്‍ധരാത്രി 12.30 ഓടെയാണ് സംഭവം. ആളുകള്‍ ഉറക്കത്തിലായിരുന്നു. ക്യാമ്പില്‍ കഴിഞ്ഞിരുന്ന മുഴുവന്‍ പേരെയും രക്ഷിക്കാനായെന്നാണ് ജര്‍മന്‍ റെഡ് ക്രോസ് പറയുന്നത്. എന്നാല്‍, 26 പേര്‍ക്ക് പുക ശ്വസിച്ച് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു അഗ്നിശമന സേനാംഗത്തിനും പരിക്കേറ്റു.

ക്യാമ്പിനു തീവച്ചതു തന്നെ എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം ക്യാമ്പില്‍ തന്നെ താമസിക്കുന്ന ആറു അഭയാര്‍ഥികളെ ഇതുസംബന്ധിച്ച് പോലീസ് അറസ്റുചെയ്തിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍