ബര്‍മിംഗ്ഹാമില്‍ രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വന്‍ഷന്‍ ജൂണ്‍ 11ന്
Tuesday, June 7, 2016 5:40 AM IST
ബര്‍മിംഗ്ഹാം: പാരമ്പര്യ സഭകളുടെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വ്യത്യസ്ത ആചാരാനുഷ്ടാനങ്ങള്‍ പിന്‍തുടരുമ്പോഴും ക്രിസ്തുവില്‍ നാം ഒന്നാണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ഫാ. സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വന്‍ഷന്‍ ജൂണ്‍ 11നു ബര്‍മിംഗ്ഹാം ബഥേല്‍ സെന്ററില്‍ നടക്കും.

യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ ഇടുക്കി രൂപതാധ്യക്ഷനും
പ്രമുഖ വചനപ്രഘോഷകനും വാഗ്മിയും ആത്മീയ പ്രഭാഷകനുമായ സഖറിയാസ് മാര്‍ പീലക്സിനോസ് ദൈവസ്നേഹം പങ്കുവയ്ക്കും. കൂടാതെ ഇംഗ്ളണ്ടിലെ കേരള ലത്തീന്‍ കത്തോലിക്കാ സഭയുടെ ചാപ്ളയിന്‍ ഫാ. ജോണ്‍സണ്‍ അലക്സാണ്ടറും വചനവേദിയില്‍ സോജിയച്ചനോടൊപ്പം ഒരുമിക്കുമ്പോള്‍ അത് യൂറോപ്പിന്റെ നവസുവിശേഷവത്കരണത്തില്‍ ക്രൈസ്തവ സഭകളുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ തുടക്കമായിത്തീരും.

ദേശ ഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങള്‍ പങ്കെടുക്കുന്ന യൂണിവേഴ്സല്‍ ബൈബിള്‍ കണ്‍വന്‍ഷനിലേക്ക് ഇത്തവണ പ്രോ ലൈഫ് രംഗത്തെ ശുശ്രൂഷകളിലൂടെയും ജയിലുകളില്‍ കുറ്റവാളികള്‍ക്കുവേണ്ടിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും യൂറോപ്പിന്റെ മദര്‍ തെരേസ എന്നു വിളിക്കപ്പെടുന്ന പ്രശസ്ത സുവിശേഷപ്രവര്‍ത്തക റോസ് പവലും എത്തിച്ചേരും. ഒരേസമയം മലയാളത്തിലും ഇംഗ്ളീഷിലും നടക്കുന്ന നടക്കുന്ന കണ്‍വന്‍ഷന്റെ ഏറ്റവും പ്രധാന സവിശേഷത യുവതീയുവാക്കള്‍ക്കും കുട്ടികള്‍ക്കും വേണ്ടി വിവിധ ക്ളാസ് അടിസ്ഥാനത്തില്‍ നടക്കുന്ന ശുശ്രൂഷകള്‍ തന്നെയാണ്. സെഹിയോന്‍ മിനിസ്ട്രി ശുശ്രൂഷകളുടെ പ്രധാന പ്രാര്‍ഥനാ കേന്ദ്രമായ സിസ്റര്‍ ഡോ. മീന നേതൃത്വം നല്‍കുന്ന ബര്‍മിംഗ്ഹാമിലെ നിത്യാരാധനാ ചാപ്പലില്‍ സെഹിയോന്‍ ടീമംഗങ്ങള്‍ ഉപവാസപ്രാര്‍ഥനകളിലൂടെയും യൂറോപ്പിന്റെ വിവിധയിടങ്ങളില്‍ ആളുകള്‍ അഖണ്ഡ ജപമാലയിലൂടെയും കണ്‍വന്‍ഷന്റെ ആത്മീയ വിജയത്തിനായി ഒരുങ്ങുകയാണ്.

രാവിലെ എട്ടിന് ജപമാലയോടെ ആരംഭിക്കുന്ന ശുശ്രൂഷകള്‍ ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ വൈകുന്നേരം നാലിനു സമാപിക്കും. ഈശോയുടെ തിരുഹൃദയത്തെ ഏറെ ഒരുക്കത്തോടെ അനുസ്മരിക്കുന്ന ജൂണ്‍ മാസത്തിലെ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനിലേക്ക് ഏവരേയും സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ഷാജി 07878149670, അനീഷ് 07760254700.

വിലാസം: ബഥേല്‍ കണ്‍വന്‍ഷന്‍ സെന്റര്‍, കെല്‍വിന്‍ വേ. ബര്‍മിംഗ്ഹാം.
ആ70 7ഖണ.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍