ജര്‍മനി വെള്ളപ്പൊക്കത്തിന്റെ പിടിയില്‍; ജനങ്ങള്‍ ദുരിതപര്‍വത്തില്‍
Thursday, June 2, 2016 8:14 AM IST
ബെര്‍ലിന്‍: ജര്‍മനി അതിരൂക്ഷമായ വെള്ളപ്പൊക്കത്തിന്റെ പിടിയില്‍. ലോവര്‍ ബവേറിയയിലെ ഒരു ജില്ലയാകെ പ്രകൃതി ദുരന്ത ബാധിത പ്രദേശമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

മണിക്കൂറുകള്‍ കൊണ്ട് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി വരുന്ന സാഹചര്യമാണ് രാജ്യത്തെ താഴ്ന്ന പ്രദേശങ്ങളിലെല്ലാമുള്ളത്. റോട്ടല്‍ ജില്ലാ ആസ്ഥാന നഗര മധ്യം മുഴുവന്‍ ഇപ്പോള്‍ വെള്ളത്തിനടിയിലാണ്. ഓസ്ട്രിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ട്രിഫ്റ്റേണ്‍ എന്ന നഗരത്തില്‍ അയ്യായിരം പേര്‍ മാത്രമാണ് സ്ഥിരതാമസക്കാര്‍. കഴിഞ്ഞ വാരാന്ത്യത്തിലുണ്ടായ കനത്ത മഴയെ തുടര്‍ന്നു നാലു പേര്‍ മരിച്ചിരുന്നു. ഇവിടെ ഒരു സ്കൂളില്‍ ഏകദേശം 250 കുട്ടികള്‍ കുടുങ്ങിക്കിടക്കുകയാണ്. സ്കൂള്‍ കെട്ടിടം സ്ഥിതി ചെയ്യുന്ന കുന്നിനു ചുറ്റും വെള്ളം കയറിയിരിക്കുകയാണ്. സ്കൂളുകള്‍ക്കും ഓഫീസുകള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. ഹെലികോപ്റ്റര്‍ മുഖേന പോലീസും പട്ടാളവും നിരന്തരം രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

നിനശ്ചിരിക്കാതെയുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ജനജീവിതം താറുമാറായി. സര്‍വതും നഷ്പ്പെട്ടവരെപ്പോലെ പ്രദേശവാസികള്‍ താത്ാലിക രക്ഷാകേന്ദ്രങ്ങളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.

ഇതിനു പുറമേ, സാക്സണിയിലെ ഏറ്റവും വലിയ നഗരമായ ലൈപ്സീഗും പ്രളയത്തിലമര്‍ന്നു. എലിസബത്ത് ഹോസ്പിറ്റലിലെ എമര്‍ജന്‍സി റൂമിലേക്കു പോലും കടക്കാന്‍ കഴിയാത്ത വിധത്തില്‍ വെള്ളം കയറിയത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു.

സാക്സണ്‍ തലസ്ഥാനമായ ഡ്രെസ്ഡനും ചെക്ക് റിപ്പബ്ളിക്കും തമ്മിലുള്ള റെയില്‍ ഗതാഗതം ട്രാക്കില്‍ വെള്ളം കയറിയതു കാരണം നിര്‍ത്തിവച്ചിരിക്കുകയാണ്. ഇവിടെ ഒട്ടനവധി വീടുകളും കെട്ടിടങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്.

ബ്രെമന്‍, ഹാനോവര്‍ നഗരങ്ങളില്‍ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുവാന്‍ ദുരന്ത നിവാരണ പ്രവര്‍ത്തകര്‍ അക്ഷീണ പരിശ്രമത്തിലാണ്. സര്‍ക്കാര്‍ അടിയന്തര സഹായങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍