മിനിമം വേതനത്തില്‍ കുറവു കൊടുക്കാനുള്ള തന്ത്രം ജര്‍മന്‍ കോടതി പൊളിച്ചു
Friday, May 27, 2016 8:07 AM IST
ബെര്‍ലിന്‍: ജര്‍മനിയിലെ മിനിമം വേതന വ്യവസ്ഥയായ മണിക്കൂറിന് എട്ടര യൂറോ എന്നതു ലംഘിക്കാനുള്ള തൊഴിലുടമയുടെ തട്ടിപ്പ് കോടതി തടഞ്ഞു.

എട്ടര യൂറോയ്ക്കു പകരം 8.03 യൂറോ മാത്രം മണിക്കൂറിനു പ്രതിഫലം ലഭിച്ചിരുന്ന ആശുപത്രി ജീവനക്കാരിയാണ് കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചത്.

2015 ജനുവരി ഒന്നുമുതലാണ് ജര്‍മനിയില്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നത്.

ക്രിസ്മസ് ബോണസും അവധിക്കാല വേതനവും കൂടി മണിക്കൂറിനുള്ള പ്രതിഫലത്തില്‍ ചേര്‍ത്ത് കണക്കുണ്ടാക്കുകയാണ് അക്കൌണ്ടിങ് വിഭാഗം ചെയ്തത്. ഇതു കോടതിക്കു ബോധ്യപ്പെടുകയും ചെയ്തു.

എട്ടര യൂറോയ്ക്കു പകരം 8.69 യൂറോ നല്‍കിയെന്ന തൊഴിലുടമയുടെ വാദം പരാജയപ്പെടുകയും ചെയ്തു. വാര്‍ധക്യ ദാരിദ്യ്രം ഇല്ലാതാക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് സര്‍ക്കാര്‍ മിനിമം വേതന നിയമം നടപ്പാക്കിയതെന്നും അതു കൃത്യമായി പാലിക്കപ്പെട്ടേ മതിയാകൂ എന്നും കോടതി വ്യക്തമാക്കി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍