ജര്‍മനിയില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പെരുകുന്നതായി റിപ്പോര്‍ട്ട്
Tuesday, May 24, 2016 8:20 AM IST
ബെര്‍ലിന്‍: അഭയാര്‍ഥി പ്രവാഹം സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച കഴിഞ്ഞ വര്‍ഷം ജര്‍മനിയില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ എണ്ണവും റിക്കാര്‍ഡ് സൃഷ്ടിച്ചുവെന്നു സര്‍ക്കാര്‍ കണക്ക്.

തീവ്ര വലതുപക്ഷക്കാര്‍ അഭയാര്‍ഥി ക്യാമ്പുകള്‍ ആക്രമിക്കുകയും ഇതിനു പ്രതികാരമായി തീവ്ര ഇടതുപക്ഷക്കാര്‍ വലതുപക്ഷക്കാരെ ആക്രമിക്കുകയും ചെയ്ത സംഭവങ്ങളാണ് ഇതിലേറെയും. ഇതിലുപരി കൊള്ളയും കവര്‍ച്ചയും പെരുകി വരുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

2015ല്‍ രാഷ്ട്രീയപ്രേരിതമായ 39,000 അക്രമസംഭവങ്ങള്‍ നടന്നതായാണ് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാകുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 19 ശതമാനം വര്‍ധനയാണിത്.

ഇത്തരത്തിലുള്ള ആകെ കുറ്റകൃത്യങ്ങളില്‍ 23,000 എണ്ണം തീവ്ര വലതുപക്ഷക്കാര്‍ പ്രതികളായിട്ടുള്ളതാണ്. ഇതും 2014ലേതിനെ അപേക്ഷിച്ച് 34.9 ശതമാനം അധികം. തീവ്ര ഇടതുപക്ഷക്കാര്‍ പ്രതികളായി 9600 കേസുകള്‍. ഇതില്‍ വര്‍ധന പതിനെട്ടു ശതമാനവും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍