മൈന്‍സില്‍ പെന്തക്കുസ്താ, വിഷു ആഘോഷം നടത്തി
Tuesday, May 24, 2016 8:18 AM IST
മൈന്‍സ്: മൈന്‍സ് വീസ്ബാഡന്‍ ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിഷുവും പെന്തക്കുസ്തായും സംയുക്തമായി ആഘോഷിച്ചു.

മേയ് 14നു വൈകുന്നേരം നാലിനു മൈന്‍സിലെ ലീബ് ഫ്രൌവന്‍ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയോടുകൂടി ആരംഭിച്ചു. ഹോളി സ്പരിരിറ്റ് സഭാംഗം ഫാ.ബിജി ദിവ്യബലിയില്‍ മുഖ്യകാര്‍മികനായി. ഡീക്കന്‍ ഡോ.ജോസഫ് തെരുവത്ത് സഹകാര്‍മികനായി. സീന വെള്ളാരംകാലായില്‍ നയിച്ച ഗായകസംഘത്തില്‍ ജോയി വെള്ളാരംകാലായില്‍, രാജു ഇല്ലിപറമ്പില്‍, എന്നിവരുടെ ഗാനാലാപനം ദിവ്യബലിയെ ഭക്തിസാന്ദ്രമാക്കി.

തുടര്‍ന്നു ഇടവക ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടിയില്‍ ഗ്രോസ്ഗെരാവു പട്ടണത്തിലെ മലയാളികളുടെ കലാസാംസ്കാരിക കൂട്ടായ്മയായ നവോദയ സമാജം (ഫെറൈന്‍) പ്രസിഡന്റ് എബ്രഹാം നടുവിലേടത്ത് ആഘോഷത്തില്‍ മുഖ്യാതിഥിയായിരുന്നു. സമാജം പ്രസിഡന്റ് മത്തായി കുഞ്ഞുകുട്ടി, ഫാ.ബിജി, ഡീക്കന്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു. വൈവിധ്യങ്ങളായ കലാപരിപാടികള്‍ ആഘോഷത്തെ ധന്യമാക്കി.

തംബോലയുടെ നറുക്കെടുപ്പും നടത്തി. സമാജം മുന്‍ സെക്രട്ടറി റേച്ചല്‍ ഫെര്‍ണാണ്ടസിന്റെ മകന്‍ ബിന്‍സി ഫെര്‍ണാണ്ടസ് വിവാഹ സമ്മാനമായി സ്പാണ്‍സര്‍ ചെയ്ത ഒന്നാം സമ്മാനമായ കാഞ്ചിപുരം സാരി തംബോലയില്‍ വിജയിച്ച മറിയാമ്മ മാത്യൂസിന് ഫാ. ബിജിയും രണ്ടാം സമ്മാനം നേടിയ ഡേവിഡ് വട്ടക്കുഴിക്ക് ഡീക്കന്‍ ജോസഫും സമ്മാനിച്ചു.

സമാജം വൈസ് പ്രസിഡന്റ് ജോയി വെള്ളാരംകാലായില്‍ നന്ദി പറഞ്ഞു. ജോസഫ് മുള്ളരിയ്ക്കല്‍ (ട്രഷറാര്‍), രാജു ഇല്ലിപറമ്പില്‍ എന്നിവര്‍ ആഘോഷത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍