ജാനെറ്റിന്റെ കൊലപാതകം: മരിച്ചത് കഴുത്തിനേറ്റ മുറിവെന്ന് പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
Monday, May 23, 2016 8:20 AM IST
ബെര്‍ലിന്‍: ജര്‍മന്‍കാരനായ ഭര്‍ത്താവ് കൊലപ്പെടുത്തിയ ജാനെറ്റിന്റെ പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ശനിയാഴ്ച ഡൂയീസ്ബുര്‍ഗ് പോലീസ് പുറത്തുവിട്ടു. കഴുത്തിലുണ്ടായ ആഴത്തിലുള്ള മുറിവാണ് ജാനെറ്റ് മരിച്ചതെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ കൊലപാതകം നടന്നതെന്നാണെന്നുള്ള വിവരം പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ല. അതു ഡിഎന്‍എ ടെസ്റ് വഴിയേ കണ്ടെത്താനാവൂ.

ഏപ്രില്‍ 13 മുതല്‍ കാണാതായ ജാനെറ്റിന്റെ മൃതദേഹം കുഴിച്ചു മൂടപ്പെട്ട നിലയില്‍ അവരുടെ സ്വന്തം വീടിന്റെ പൂന്തോട്ടത്തില്‍നിന്നു പോലീസ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച കണ്ടുെക്കുകയായിരുന്നു. സാമ്പത്തിക പ്രശ്നമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പറയപ്പെടുന്നത്. ജാനെറ്റ് ഇക്കാര്യത്തെപ്പറ്റി റെനെയെ ചോദ്യംചെയ്തതാണു റെനെയെ പ്രകോപിതനാക്കിയെന്നാണ് പൊതുവെയുള്ള നിഗമനം. പോലീസിന്റെ ചോദ്യം ചെയ്യലില്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഭര്‍ത്താവ് റെനെ ഏറ്റെടുത്തിരുന്നു. ഇയാള്‍ ഇപ്പോള്‍ പോലീസ് കസ്റഡിയിലാണ്. നിലവില്‍ ഡോക്ടറേറ്റു വിദ്യാര്‍ഥിയാണ് റെനെ.

അതേസമയം ജാനെറ്റ് -റെനെ ദമ്പതികള്‍ക്ക് എട്ടുമാസം പ്രായമുള്ള കുട്ടിയുടെ സംരക്ഷണം ഇപ്പോള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുകയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍