ലോക നഴ്സസ് ദിനാചരണം: ദേശീയതല ആഘോഷങ്ങള്‍ ഗംഭീരമായി
Wednesday, May 18, 2016 6:18 AM IST
ലണ്ടന്‍: യുക്മ നഴ്സസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട ലോക നഴ്സസ് ദിനാചരണം ദേശീയതല ആഘോഷങ്ങള്‍ നോര്‍ത്താംടണില്‍ നടന്നു.

സെന്റ് അല്‍ബാന്‍ ദി മാര്‍ട്ടിയര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടികള്‍ യുക്മ ദേശീയ ജനറല്‍ സെക്രട്ടറി സജീഷ് ടോം ഉദ്ഘാടനം ചെയ്തു. യുഎന്‍എഫ് ദേശീയ കോ-ഓര്‍ഡിനേറ്റര്‍ ആന്‍സി ജോയ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ടിറ്റോ തോമസ്, ജയകുമാര്‍ നായര്‍, ബിജു പീറ്റര്‍, ബിന്ദു സുരേഷ് എന്നിവര്‍ സംബന്ധിച്ചു.

തുടര്‍ന്നു നടന്ന നഴ്സസ് പഠന ശിബിരത്തിനു മുന്നോടിയായി, വിളക്കേന്തിയ വനിത (ഫ്ളോറന്‍സ് നൈറ്റിംഗൈല്‍) യുടെ സ്മരണകള്‍ക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് പങ്കെടുത്തവര്‍ മുഴുവന്‍ പേരും കത്തിച്ച മെഴുകുതിരികള്‍ കൈയിലേന്തി നഴ്സസ് ദിന പ്രതിജ്ഞ പുതുക്കി. മോനി ഷിജോ, ഐറീസ് തോമസ് എന്നിവര്‍ ചടങ്ങിനു നേതൃത്വം നല്കി.

യൂറോപ്പിലെതന്നെ മികച്ച മലയാളി പരിശീലകരായ ഡോ. സോജി അലക്സ്, മിനീജ ജോസഫ് എന്നിവര്‍ നയിച്ച സിമ്പോസിയങ്ങളും ചര്‍ച്ചാ ക്ളാസുകളും ഏറെ വിജ്ഞാനപ്രദവും പ്രയോജനകരവും ആയിരുന്നു. ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ലോക നഴ്സസ് ദിന ക്വിസ് മത്സര വിജയികള്‍ക്കുള്ള ട്രോഫികളും സമ്മാനങ്ങളും പരിശീലന പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റുകളും സമാപന സമ്മേളനത്തില്‍ വിതരണം ചെയ്തു. ദേശീയ പരിശീല പരിപാടിയുടെ വിജയത്തെ തുടര്‍ന്നു വിവിധ യുക്മ റീജണുകള്‍ കേന്ദ്രീകരിച്ച് പഠനശിബിരങ്ങള്‍ സംഘടിപ്പിക്കുമെന്നു യുഎന്‍എഫ് നേതാക്കള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അനീഷ് ജോണ്‍