ജനനനിരക്ക് ഉയര്‍ത്താന്‍ ഇറ്റലി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നു
Tuesday, May 17, 2016 8:15 AM IST
റോം: ജനന നിരക്ക് കുത്തനെ കുറഞ്ഞുകൊണ്ടിരിക്കുന്ന പ്രവണതയ്ക്ക് മാറ്റം വരുത്താന്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നു. ഇതിന്റെ ഭാഗമായി ചൈല്‍ഡ് ബെനിഫിറ്റ് തുക ഇരട്ടിയാക്കാനും ആലോചന.

അപകടകരമായ നിലയിലാണു രാജ്യത്തെ ജനനനിരക്കു കുറഞ്ഞു വരുന്നത് എന്നു വ്യക്തമായ സാഹചര്യത്തിലാണ് ഇങ്ങനെയുള്ള നടപടികള്‍ പരിഗണിക്കുന്നത്.

നിലവില്‍, പരിമിത വരുമാനക്കാരായ കുടുംബങ്ങള്‍ക്കു നല്‍കുന്ന പ്രതിമാസ ചൈല്‍ഡ് ബെനിഫിറ്റ് 80 യൂറോയാണ്. ഇത് 160 ആക്കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യത്തെ കുട്ടിക്കു ശേഷമുള്ള കുട്ടികള്‍ക്ക് കൂടുതല്‍ മികച്ച ആനുകൂല്യങ്ങള്‍ നല്‍കുന്നതും പരിഗണനയിലാണ്.

കഴിഞ്ഞ വര്‍ഷം 4,88,000 കുട്ടികള്‍ മാത്രമാണ് ഇറ്റലിയില്‍ ജനിച്ചത്. 1861നു ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍