യുകെ ക്നാനായക്കാര്‍ വാത്സിംഗ്ഹാം മാതൃസന്നിധിയില്‍
Tuesday, May 17, 2016 6:23 AM IST
ലണ്ടന്‍: ആഗോള കത്തോലിക്കാ സഭ കരുണയുടെ വര്‍ഷമാചരിക്കുമ്പോള്‍ തീര്‍ഥാടന യാത്രകള്‍ നടത്തണമെന്നുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനമനുസരിച്ച് ക്രിസ്റല്‍ ജൂബിലി ആഘോഷിക്കുന്ന യുകെ ക്നാനായ കാത്തലിക് അസോസിയേഷന്റേയും ക്നാനായ കാത്തലിക് ചാപ്ളെയിന്‍സിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന വാത്സിംഗ്ഹാം മരിയന്‍ തീര്‍ഥാടന യാത്ര അനുഗ്രഹപ്രദമായി.

പെന്തക്കുസ്താ തിരുനാളില്‍ ശ്ളീഹന്മാര്‍ക്കു ലഭിച്ച പരിശുദ്ധാത്മ കൃപകള്‍ വിശ്വാസികളിലും ജ്വലിക്കുന്നതിനും ആദിമ ക്രൈസ്തവ സഭ കൂട്ടായ്മയെ അനുസ്മരിപ്പിക്കുന്നവിധം സൌഹോദര്യത്തിലും പരസ്പര പങ്കുവയ്ക്കലിലും സാക്ഷ്യം വഹിക്കുന്നതായിരുന്നു തീര്‍ഥാടനയാത്ര.

വാത്സിംഗ്ഹാം മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള മരിയന്‍ ജപമാല പ്രദക്ഷിണം വിശ്വാസ പ്രഘോഷണമായി. സ്നേഹവിരുന്നിനുശേഷം നടന്ന ആഘോഷമായ ദിവ്യബലിക്ക് ക്നാനായ ചാപ്ളെയിന്‍സി വികാരി ഫാ. സജി മലയില്‍പുത്തന്‍പുരയില്‍ കാര്‍മികത്വം വഹിച്ചു.

യുകെകെസിഎയുടെ യൂണിറ്റുകളില്‍ ഒന്നായ ഈസ്റ്-ആംഗ്ളിയ യൂണിറ്റാണ് തീര്‍ഥാടനത്തിനു നേതൃത്വം നല്‍കിയത്. യുകെകെസിഎ ഭാരവാഹികളായ ബിജു വടക്കക്കുഴി, ജോസി നെടുംതുരുത്തിപുത്തന്‍പുര, ജോസ് വാവച്ചിറ, ഫിനില്‍ കളത്തില്‍കോട്ട് എന്നിവരും സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കളം