ക്രിസ്റ്യാന്‍ കേറന്‍ ഓസ്ട്രിയന്‍ ചാന്‍സലര്‍
Tuesday, May 17, 2016 6:21 AM IST
വിയന്ന: രാജിവച്ച ഓസ്ട്രിയന്‍ ചാന്‍സലര്‍ ഹായ്മാനു പകരക്കാരനായി ഓസ്ട്രിയന്‍ റെയില്‍വേയുടെ മേധാവി ക്രിസ്റ്യാന്‍ കേറന്‍ ചാന്‍സലറാകും. ഇതു സംബന്ധിച്ച പ്രഖ്യാപനത്തിനു പാര്‍ട്ടി നേതൃത്വത്തില്‍ ധാരണയായി.

ദിവസങ്ങള്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണു പാര്‍ട്ടി ഏകകണ്ഠമായി ക്രിസ്റ്യാന്‍ കേറന്റെ പേര് നിര്‍ദ്ദേശിക്കുന്നത്. 50 കാരനായ ക്രിസ്റ്യാന്‍ കേറന്‍ ചുവപ്പു കറുപ്പ് സഖ്യത്തിനു ഓസ്ട്രിയയില്‍ നേതൃത്വം നല്‍കും. ചാന്‍സലര്‍ പദവി കൂടാതെ സോഷ്യലിസ്റ് പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനവും ഇതോടെ കേറനു സ്വന്തം.

ഇന്നലെ നടന്ന സോഷ്യലിസ്റ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്മാരുടെ സമ്മേളനത്തില്‍ ക്രിസ്റ്യാന്റെ പേര് നിര്‍ദ്ദേശിച്ചെങ്കിലും താത്കാലിക പാര്‍ട്ടി അധ്യക്ഷനും വിയന്ന മേയറുമായ മിഖായേല്‍ ഹോയ്പല്‍ ചാനല്‍ മേധാവിക്കുവേണ്ടി നിലകൊള്ളുകയായിരുന്നു. എന്നാല്‍, പിന്നീട് ഹോയ്പലിന്റെ ഓഫീസിലെത്തി കേറന്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തുകയും ഹോയ്പല്‍ തന്റെ നിലപാട് മാറ്റുകയുമാണുണ്ടായത്. ഇതോടുകൂടി ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് അറുതിയായി.

ഇന്നു നടക്കുന്ന സോഷ്യലിസ്റ് പാര്‍ട്ടിയുടെ സമ്മേളനത്തില്‍ ഔദ്യോഗികമായി ക്രിസ്റ്യാന്‍ കേറന്റെ പേര് നിര്‍ദ്ദേശിക്കുകയും പ്രഖ്യാപനം പാസാക്കുകയും ചെയ്യും. ഇന്നത്തെ യോഗത്തിലേക്ക് യുവജന വനിതാ തൊഴിലാളി പ്രതിനിധികളെയും തലമുതിര്‍ന്ന നേതാക്കളെയും സംസ്ഥാന നേതാക്കളെയുമെല്ലാം ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്. പേരിനുള്ള നടപടിക്രമങ്ങള്‍ മാത്രമായിരിക്കും ഇനി നടക്കുക.

ഇനി പെന്തക്കുസ്താ അവധി ദിനങ്ങളായതിനാല്‍ ബുധനാഴ്ച മാത്രമായിരിക്കും സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍