ജര്‍മനിയിലെ അഭയാര്‍ഥി ക്യാമ്പുകള്‍ക്കു നേരേ ആക്രമണങ്ങള്‍ പെരുകുന്നു
Monday, May 16, 2016 8:24 AM IST
ബെര്‍ലിന്‍: ജര്‍മനിയില്‍ വിദേശ അഭയാര്‍ഥികളെ പാര്‍പ്പിച്ചിരിക്കുന്ന ക്യാമ്പുകള്‍ക്കു നേരേ ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്നുവെന്ന് അധികൃതര്‍. ഈ വര്‍ഷം ഇതുവരെ നാല്‍പ്പത്തഞ്ച് ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു.

ജര്‍മനി അഭയാര്‍ഥികള്‍ക്കായി വാതിലുകള്‍ തുറന്നിട്ടു കൊടുത്ത കഴിഞ്ഞ വര്‍ഷം ആകെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത് 92 ആക്രമണ സംഭവങ്ങള്‍ മാത്രമായിരുന്നു. 2014ല്‍ ഇത് ആറു മാത്രവും.

വര്‍ധിച്ചു വരുന്ന ആക്രമണങ്ങള്‍ക്കു പിന്നില്‍ തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങളാണെന്നു കരുതാന്‍ കഴിയില്ലെന്നാണ് അധികൃതര്‍ പറയുന്നത്. സമീപവാസികള്‍ അഭയാര്‍ഥി ക്യാമ്പുകള്‍ തീവച്ചു നശിപ്പിക്കാന്‍ ശ്രമിച്ചതാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവങ്ങളില്‍ ഭൂരിപക്ഷവും.

ഇന്റര്‍നെറ്റിലും അഭയാര്‍ഥികള്‍ക്കെതിരായ വിദ്വേഷ പ്രചാരണം ശക്തമായി വരുകയാണ്. ആക്രമണത്തിനുള്ള ആഹ്വാനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍