യുക്മ ദേശീയ ചാമ്പ്യന്‍ഷിപ്പ് പ്രവചനാതീതം
Monday, May 16, 2016 6:06 AM IST
ലണ്ടന്‍: ബര്‍മിംഗ്ഹാമില്‍ മേയ് 28നു നടക്കുന്ന യുകെ മലയാളികളുടെ ദേശീയ കായിക മാമാങ്കം ഇക്കുറി മത്സരച്ചൂടില്‍ തിളച്ചുമറിയും. റീജണല്‍ തലത്തിലുള്ള മത്സരങ്ങള്‍ ഇക്കുറി ജന പങ്കാളിത്തത്തിലും കായിക മികവിലും ഇന്നുവരെ കാണാത്ത തരത്തില്‍ മികവു തെളിയിക്കുന്നതായിരുന്നു.

ഒരു റീജണിലെ മാത്രം മത്സരങ്ങള്‍ നടക്കാന്‍ ബാക്കിയിരിക്കേ സമ്പൂര്‍ണ പങ്കാളിത്തം ഉറപ്പിക്കുന്നതിനുള്ള ശ്രമത്തിലാണു റീജണ്‍ തല ഭാരവാഹികള്‍. ഉദ്ഘാടനത്തിന്റെ ഭാഗമായി നടക്കുന്ന മാര്‍ച്ച് പാസ്റ് മനോഹരമാക്കാന്‍ റീജണുകള്‍ പ്രത്യേകം തയാറെടുപ്പുകള്‍ നടത്തുന്നു. ഇത്തവണ മാര്‍ച്ച് പാസ്റില്‍ മികച്ച പ്രകടനത്തിനു പ്രത്യേകം ട്രോഫി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ദേശീയ ചാമ്പ്യന്മാര്‍ ഏതു റീജണ്‍ ആണെന്നറിയാന്‍ അവസാന നിമിഷം വരെ കാത്തിരിക്കേണ്ടി വരും. കരുത്തരായ പോര്‍ട്സ് മൌത്തിന്റെ തോളിലേറി കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ സൌത്തീസ്റ് റീജണ്‍ വിജയക്കുതിപ്പു തുടരുമെന്ന് ഉറപ്പിക്കുന്നു. കഴിഞ്ഞ കായിക മേളയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് കരസ്ഥമാക്കിയ അസോസിയേഷനും പോര്‍ട്സ് മൌത്ത് ആയിരുന്നു. പക്ഷേ ഈ വര്‍ഷം ശക്തമായ വെല്ലുവിളി ഉയര്‍ത്തി ആതിഥേയ റീജണായ മിഡ്ലാന്‍ഡ്, വാശിയേറിയ മത്സരങ്ങള്‍ നടന്ന സൌത്ത് വെസ്റ്, ഈസ്റ് ആംഗ്ളിയ, വെയില്‍സ്, നോര്‍ത്ത് വെസ്റ്, യോര്‍ക്ഷെയര്‍ ആന്‍ഡ് ഹംപര്‍ റീജണുകള്‍ രംഗത്തുണ്ട്.

യുക്മ ദേശീയ കായിക മേളയിലേക്ക് യുകെയിലെ മലയാളി കുടുംബങ്ങളെ ഒന്നടങ്കം സ്വാഗതം ചെയ്യുന്നതിനുവേണ്ട ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് കവളക്കാട്ട്, സെക്രട്ടറി സജീഷ് ടോം, ജോ. സെക്രട്ടറിയും കായികമേളയുടെ കോഓര്‍ഡിനേറ്ററുമായ ബിജു തോമസ് പന്നിവേലില്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അനീഷ് ജോണ്‍