കേളി അന്താരാഷ്ട്ര കലാമേള: ബിജു നാരായണന്‍ ചീഫ് സെലിബ്രിറ്റി
Friday, May 13, 2016 4:40 AM IST
സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിലെ പ്രമുഖ സാമൂഹ്യ -സാംസ്കാരിക സംഘടനയായ കേളി ഒരുക്കുന്ന അന്താരാഷ്ട്ര കലാമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ്് ഏബ്രാഹം ചേന്നംപറമ്പില്‍, പിആര്‍ഒ ബാബു കാട്ടുപാലം, ജനറല്‍ കണ്‍വീനര്‍ ജുബിന്‍ ജോസഫ് എന്നിവര്‍ അറിയിച്ചു. പ്രശസ്ത പിന്നണി ഗായകന്‍ ബിജു നാരായണന്‍ വ്യാഴാഴ്ചതന്നെ എത്തിച്ചേര്‍ന്നു.

മെയ് 14,15 തീയതികളില്‍ (ശനി,ഞായര്‍) സ്വിറ്റ്സര്‍ലന്റിന്റെ ചത്വരത്തില്‍ ഇനി ഭാരതീയ കലകളുടെ പ്രഭാപൂരമായിരിക്കും. യുവ പ്രതിഭകള്‍ തങ്ങളുടെ സര്‍ഗ്ഗ വാസനകള്‍ മത്സരത്തിലൂടെ മാറ്റുരക്കുന്ന വേദിയാണു കേളി ഒരുക്കുന്നത്. ഒരു വ്യാഴവട്ടക്കാലമായി കേളി ഒരുക്കുന്ന യുവജനോത്സവത്തില്‍ വിവിധ രാജ്യങ്ങളിലെ യുവതീ -യുവാക്കള്‍ പങ്കെടുക്കും. ഇന്ത്യന്‍ എംബസി ബേണ്‍, സൂര്യാ ഇന്ത്യ എന്നിവരുടെ സഹകരണത്തോടെയാണു കേളി ഈ യുവജനോത്സവവേദി ഒരുക്കുന്നത്. രണ്ട് സ്റ്റേജുകളിലായി പതിനഞ്ച് വ്യക്തിഗത ഇനങ്ങളും ബോളിവുഡ്, ക്ളാസിക്കല്‍ ഗ്രൂപ്പ് നൃത്തങ്ങളും കൂടാതെ സൂപ്പര്‍ ഷോര്‍ട്ട് ഫിലിം, ഫോട്ടോഗ്രാഫി, ഓപ്പണ്‍ പെയിന്റിംഗ് എന്നിവയും ഉണ്ടായിരിക്കും. പിന്നണി ഗായകന്‍ ബിജു നാരായണനും കൂട്ടരും ഒരുക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.

കലാതിലകം,കലാപ്രതിഭ സ്വര്‍ണപ്പതക്കം, ഫാ.ആബേല്‍ മെമോറിയല്‍ ട്രോഫി കൂടാതെ വിജയികള്‍ക്ക് എല്ലാവര്‍ക്കും ട്രോഫികളും സര്‍ ട്ടിഫിക്കറ്റുകളും നല്‍കും. പൊതുജനങ്ങള്‍ വോട്ടു ചെയ്ത് എടുക്കുന്ന ജനപ്രിയ അവാര്‍ഡുകള്‍ ഷോര്‍ട്ട് ഫിലിം, ഫോട്ടോഗ്രാഫി, പെയിന്റിംഗ് എന്നിനങ്ങളില്‍ നല്‍കും. ഫെരാല്‍ടോര്‍ഫ് പഞ്ചായത്ത് പ്രസിഡന്റ് വില്‍ഫ്രഡ് ഓട്ട് മുഖ്യാഥിതിയും പ്രശസ്ത പിന്നണി ഗായകന്‍ ബിജു നാരായണന്‍ ചീഫ് സെലിബ്രിറ്റിയും ആയിരിക്കും. കേളി ഒരുക്കുന്ന കലാസായാഹ്നങ്ങളില്‍നിന്നു ലഭിക്കുന്ന വരുമാനം വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാത്രം വിനിയോഗിക്കുന്നു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍