സ്വവര്‍ഗ സിവില്‍ യൂണിയന് ഇറ്റാലിയന്‍ സര്‍ക്കാരിന്റെ അംഗീകാരം
Thursday, May 12, 2016 8:43 AM IST
റോം: സ്വവര്‍ഗപ്രേമികളുടെ സിവില്‍ യൂണിയന്‍ നിയമവിധേയമാക്കുന്ന ബില്ലിന് ഇറ്റാലിയന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി.

കത്തോലിക്കാ സഭയുമായി ദീര്‍ഘകാലത്തെ തര്‍ക്കവിതര്‍ക്കങ്ങള്‍ക്കു ശേഷമാണ് സര്‍ക്കാര്‍ തീരുമാനം. ഈ ബില്‍ കാരണം ഇപ്പോള്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സി സഭയ്ക്ക് അനഭിമതനാകുന്ന സാഹചര്യം വരെ സംജാതമായിരുന്നു.

ഈ വിഷയത്തില്‍ ഇനി വൈകിക്കാന്‍ കഴിയില്ലെന്നും എത്രയും വേഗം പാര്‍ലമെന്റില്‍ ബില്‍ പാസാക്കിയെടുക്കണമെന്നുമുള്ള ഉറച്ച നിലപാടിലാണു റെന്‍സി. വര്‍ഷങ്ങളായി ശ്രമിച്ചിട്ടും ഈ ബില്‍ പാസാക്കിയെടുക്കാന്‍ മാറിമാറിവന്ന സര്‍ക്കാരുകള്‍ക്കു സാധിച്ചിട്ടില്ല.

അധോസഭയില്‍ റെന്‍സിയുടെ മന്ത്രിസഭ 193നെതിരേ 369 വോട്ടിനു വിശ്വാസ വോട്ടു നേടിയ സാഹചര്യത്തില്‍ ഇനി ബില്‍ പാസാകാന്‍ ബുദ്ധിമുട്ടു വരില്ലെന്നാണു വിലയിരുത്തല്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍