മാഞ്ചസ്റര്‍ മലങ്കര ചാപ്ളെയിന്‍സി ദൈവമാതാവിന്റെ തിരുനാള്‍ ആചരിച്ചു
Monday, May 9, 2016 5:41 AM IST
മാഞ്ചസ്റര്‍: പരിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ ആചരിച്ച മാഞ്ചസ്റര്‍ മലങ്കര ചാപ്ളെയിന്‍സി തിരുനാള്‍ ദൈവാനുഗ്രഹത്തിന്റെ ധന്യനിമിഷങ്ങളായി. പരമ്പരാഗത ശൈലിയില്‍ ആചരിച്ച തിരുനാള്‍ മലയാളി സമൂഹത്തിനും ഇംഗ്ളീഷ് സമൂഹത്തിനും നവ്യാനുഭവമായി.

ഷ്രൂസ്ബറി രൂപതാധ്യക്ഷന്‍ മാര്‍ക്ക് ഡേവിസിന്റേയും ബത്തേരി രൂപതാധ്യക്ഷന്‍ ബിഷപ് ജോസഫ് മാര്‍ തോമസിന്റെയും നിരവധി വൈദികരുടെയും സാന്നിധ്യം തിരുനാളിന് ആത്മീയ ഉണര്‍വു പകര്‍ന്നു.

ജപമാല പ്രാര്‍ഥനയോടെ പ്രധാന തിരുനാള്‍ തിരുക്കര്‍മങ്ങള്‍ക്കു തുടക്കം കുറിച്ചു. തുടര്‍ന്ന് പൂക്കുടകള്‍ ഏന്തിയ ബാലികമാരുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ പിതാക്കന്മാരെയും വൈദികരേയും ദേവാലയത്തിലേക്ക് ആനയിച്ചു. ദേവാലയ കവാടത്തില്‍ മലങ്കര കത്തോലിക്ക ഷ്രൂസ്ബറി രൂപത ചാപ്ളെയിന്‍ ഫാ. തോമസ് മടുക്കംമൂട്ടില്‍ കത്തിച്ച മെഴുകുതിരി നല്‍കി പിതാക്കന്മാരെ സ്വീകരിച്ചു. തുടര്‍ന്നു നടന്ന വിശുദ്ധ കുര്‍ബാനക്ക് ബത്തേര രൂപത ബിഷപ് ജോസഫ് മാര്‍ തോമസ് മുഖ്യകാര്‍മികത്വം വഹിച്ചു. ബിഷപ് മാര്‍ക്ക് ഡേവിസ് തിരുനാള്‍ സന്ദേശം നല്‍കി. പാരമ്പര്യങ്ങള്‍ കാത്തുസൂക്ഷിച്ച് മുന്നോട്ടുപോകുന്നതിനും പരിശുദ്ധ ദൈവമാതാവിന്റെ മാതൃക അനുസരിച്ച് ജീവിക്കുന്നതിനും അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു.

ഷ്രൂസ്ബറി രൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ ഘാനന്‍, മലങ്കര സഭ യുകെ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ഡാനിയേല്‍ കുളങ്ങര, സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. മൈക്കിള്‍ മുറേ, ഫാ. ലോനപ്പന്‍ അരങ്ങാശേരി (സീറോ മലബാര്‍ ചാപ്ളെയിന്‍-ഷ്രൂസ്ബറി രൂപത), ഫാ. സജി മലയില്‍ പുത്തന്‍പുര (ക്നാനായ ചാപ്ളെയിന്‍ - ഷ്രൂസ്ബറി രൂപത), ഫാ. മാത്യു ചൂരപൊയ്ക (സീറോ മലബാര്‍ ചാപ്ളെയിന്‍ - ലങ്കഷെയര്‍ രൂപത), ഫാ. ഏബ്രഹാം പതാക്കല്‍ (സീറോ മലങ്കര ചാപ്ളെയിന്‍ - ഡബ്ളിന്‍ രൂപത), ഫാ. തോമസ് തൈക്കൂട്ടത്തില്‍ (സാല്‍ഫോര്‍ഡ് രൂപത സീറോ മലബാര്‍ ചാപ്ളെയിന്‍), ഫാ. ജിനോ (സീറോ മലബാര്‍ ചാപ്ളെയിന്‍ - ലിവര്‍പൂള്‍), ഫാ. റോബിന്‍സണ്‍, ഫാ. തോമസ് മടുക്കംമൂട്ടില്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാനയില്‍ സഹകാര്‍മികരായി പങ്കെടുത്തു.

തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ പിതാക്കന്മാരേയും രൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ ഘാനന്‍, വികാരി ഫാ. മൈക്കിള്‍ മുറേ എന്നിവരേയും പൊന്നാട അണിയിച്ച് ആദരിച്ചു. രാജു ചെറിയാനും ശുശീല ജേക്കബും പിതാക്കന്മാര്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു. ചടങ്ങില്‍ എംസിവൈഎം കര്‍മ പദ്ധതി (മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ്) ബിഷപ് മാര്‍ക്ക് ഡേവിസ് ഉദ്ഘാടനം ചെയ്തു.

തുടര്‍ന്നു മാതാവിന്റെ തിരുസ്വരൂപവം വഹിച്ചു നടന്ന തിരുനാള്‍ റാസയ്ക്ക് ഫാ. ഏബ്രഹാം പതാക്കല്‍ കാര്‍മികത്വം വഹിച്ചു.

സെന്റ് ആന്റണീസ് ദേവാലയത്തില്‍ നടന്ന തിരുനാളിനു രാജു ചെറിയാന്‍ (കണ്‍വീനര്‍), ജോബി വര്‍ഗീസ് (ട്രസ്റി), എബി തോമസ്, ശുശീല ജേക്കബ്, ജോര്‍ജ് (സെക്രട്ടറി), റെജി മടത്തിലേടത്ത്, ജോബി വര്‍ഗീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അലക്സ് വര്‍ഗീസ്