500 ന്റെ യൂറോ നോട്ടുകള്‍ 2018 ഓടെ നിര്‍ത്തലാക്കും
Thursday, May 5, 2016 6:25 AM IST
ബ്രസല്‍സ്: 500 യൂറോയുടെ നോട്ടുകള്‍ പൂര്‍ണമായി നിരോധിക്കാന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് അന്തിമ തീരുമാനം കൈക്കൊണ്ടു. ഘട്ടംഘട്ടമായാകും നോട്ടുകള്‍ വിപണിയില്‍നിന്ന് പിന്‍വലിക്കുക. 2018 ഓടെ ഇതു പൂര്‍ത്തിയാക്കാന്‍ കഴിയുന്ന തരത്തിലാണ് പദ്ധതി.

അഞ്ഞൂറ് യൂറോയുടെ നോട്ടുകള്‍ നിര്‍ത്തലാക്കണമെന്ന യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് മരിയോ ദ്രാഗിയുടെ നിര്‍ദേശത്തിന് ഗവേണിംഗ് കൌണ്‍സില്‍ അംഗീകാരം നല്‍കി. ഇതുസംബന്ധിച്ച ചര്‍ച്ചയില്‍ യൂറോ സോണ്‍ ധനമന്ത്രിമാര്‍ നേരത്തെ പച്ചക്കൊടി കാട്ടിയിരുന്നു.

കള്ളപ്പണം തടയുന്നതിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിംഗ് ഇല്ലാതാക്കുന്നതിനും കള്ളനോട്ട് നിയന്ത്രിക്കുന്നതിനുമൊക്കെ ലക്ഷ്യമിട്ടാണ് ഇങ്ങനെയൊരു നിര്‍ദേശം വച്ചിരിക്കുന്നത്.

എന്നാല്‍, പണമായി ഇടപാടുകള്‍ നടത്തുന്നതിന് ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളുമായി ഇതിനു നേരിട്ടു ബന്ധമൊന്നുമില്ലെന്ന് ദ്രാഗി ആവര്‍ത്തിച്ചു വ്യക്തമാക്കി.

ഏറ്റവും കൂടുതല്‍ മൂല്യമുള്ള യൂറോ നോട്ടാണ് അഞ്ഞൂറിന്റേത്. ഇതു നിരോധിക്കുന്നത് യൂറോയില്‍ സമ്പാദ്യം ശേഖരിക്കുന്നതില്‍ നിന്ന് ആളുകളെ നിരുത്സാഹപ്പെടുത്തുമെന്ന വാദം ദ്രാഗി തള്ളുന്നു. അഞ്ഞൂറില്ലെങ്കില്‍ ഇരുനൂറിന്റെ നോട്ട് ഉപയോഗിച്ച് ആളുകള്‍ സമ്പാദ്യം ശേഖരിച്ചുകൊള്ളുമെന്നും ദ്രാഗി. നിലവില്‍ 500, 200 കൂടാതെ 100, 50, 20, 10, 5 യൂറോയുടെ നോട്ടുകളാണ് വിപണയിലുള്ളത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍