ഓള്‍ അയര്‍ലന്‍ഡ് ക്വിസ് മത്സരം
Wednesday, May 4, 2016 5:47 AM IST
ഡബ്ളിന്‍: മലയാളത്തിന്റെ നേതൃത്വത്തില്‍ സ്റില്‍ ഓര്‍ഗന്‍ ടാള്‍ബോട്ട് ഹോട്ടലില്‍ സംഘടിപ്പിച്ച അഞ്ചാമത് ഓള്‍ അയര്‍ലന്‍ഡ് ക്വിസ് മത്സരത്തില്‍ ലൂക്കനില്‍ നിന്നുമുള്ള പോള്‍ വര്‍ഗീസ്, സ്റീവ് വര്‍ഗീസ് ടീം സീനിയര്‍ വിഭാഗത്തിലും ജൂണിയര്‍ വിഭാഗത്തില്‍ താലയില്‍നിന്നുമുള്ള ഹക്സ്ളി ബ്രാഡന്‍ സാമുവല്‍, ഷെയിന്‍ സാം ഈശോ ടീമും ചാമ്പ്യന്മാരായി.

സീനിയര്‍ വിഭാഗത്തില്‍ അലന്‍ സെബാസ്റ്യന്‍- ലെസ്ളിന്‍ വിനോദ് സഖ്യം രണ്ടാം സ്ഥാനവും കിരണ്‍ വില്‍സണ്‍- നെബിന്‍ ഡേവിഡ് സഖ്യം മൂന്നാം സ്ഥാനവും ലഭിച്ചു.

ജൂണിയര്‍ വിഭാഗത്തില്‍ അലീന വര്‍ഗീസ് - അലക്സ് ജോജി സഖ്യം രണ്ടാം സ്ഥാനവും ആരോണ്‍ കുര്യാക്കോസ്-ആന്‍ കുര്യാക്കോസ് സഖ്യം മൂന്നാം സ്ഥാനവും ലഭിച്ചു.

മലയാളത്തിന്റെ ദശാബ്ദിയാഘോഷത്തോടനുബന്ധിച്ചു പ്രത്യേകമായി ഏര്‍പ്പെടുത്തിയ അരപവന്‍ വീതമുള്ള സ്വര്‍ണമെഡലും ട്രോഫിയും ഒന്നാം സ്ഥാനം നേടിയ ടീമംഗങ്ങള്‍ക്കു സമ്മാനമായി ലഭിച്ചു. തുടര്‍ന്നുള്ള മൂന്നു സ്ഥാനക്കാര്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും നല്കി.

മുന്‍വര്‍ഷങ്ങളില്‍നിന്നു വ്യത്യസ്തമായി അയര്‍ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പങ്കെടുത്ത മത്സരാര്‍ഥികളുടെ മികച്ച പ്രകടനം വളരെ ശ്രദ്ധേയമായി. കെറി, മുള്ളിന്‍ഗര്, കില്‍കൈനി എന്നിവിടങ്ങളില്‍നിന്നു പോലും മത്സരാര്‍ഥികള്‍ രക്ഷിതാക്കള്‍ക്കൊപ്പം ആവേശത്തോടെ എത്തിച്ചേര്‍ന്നത് ക്വിസ് മത്സരത്തിന് അഭിമാനമായി. ഓഡിയോ റൌണ്ട്, വീഡിയോ റൌണ്ട്, ബസര്‍ റൌണ്ട്, റാപ്പിഡ് ഫയര്‍ റൌണ്ട് തുടങ്ങിയ വിഭാഗങ്ങള്‍ കോര്‍ത്തിണക്കിയ ഫൈനല്‍ മത്സരം ആവേശകരമായിരുന്നു.

ഉദയ് നൂറനാട് മത്സരം ഉദ്ഘാടനം നിര്‍വഹിച്ചു. സീനിയര്‍ ടീമിന്റെ ക്വിസ് മാസ്ററായി അലക്സ് ജേക്കബും ജൂണിയര്‍ ടീമിന്റെ ക്വിസ് മാസ്ററായി ബിനോയ് മാത്യുവും മത്സരങ്ങള്‍ നിയന്ത്രിച്ചു. ആഗ്ന്നല്‍ മെറി ജേക്കബ്, നീതു ആന്‍ തോമസ് എന്നിവര്‍ അവതാരകരായിരുന്നു.

രക്ഷിതാക്കളില്‍നിന്നു തെരഞ്ഞെടുത്ത ബാസ്വല്‍, കെ.കെ. വര്‍ഗീസ് എന്നിവര്‍ വിജയികള്‍ക്ക് ട്രോഫികളും സമ്മാനങ്ങളും സമ്മാനിച്ചു. മത്സരത്തില്‍ പങ്കെടുത്ത എല്ലാ ടീമംഗങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സെക്രട്ടറി രാജന്‍ ദേവസ്യ, പിആര്‍ഒ രാജേഷ് ഉണ്ണിത്താന്‍ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍