ജര്‍മനിയിലെ എഎഫ്ഡി പാര്‍ട്ടി മുസ്ലിംവിരുദ്ധ നയം അംഗീകരിച്ചു
Monday, May 2, 2016 8:18 AM IST
ബെര്‍ലിന്‍: ജര്‍മനിയിലെ തീവ്ര വലതുപക്ഷ സംഘടനയായ ഓള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി പാര്‍ട്ടി (എഎഫ്ഡി) ഇസ്ലാം വിരുദ്ധ നയം അംഗീകരിച്ചു.

ശനിയാഴ്ചയും ഞായറാഴ്ചയുമായി സ്റുട്ട്ഗാര്‍ട്ടില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണു പാര്‍ട്ടി നയം വ്യക്തമാക്കിക്കൊണ്ടുള്ള പത്രിക പുറത്തിറക്കിയത്. ഇസ്ലാം മതം ജര്‍മനിയുടെ ഭാഗമല്ല, ഇത് ജര്‍മനിക്കു ചേര്‍ന്നതല്ലെന്നും പ്രമേയം വ്യക്തമാക്കുന്നു. ജര്‍മനിയിലെ മുസ്ലിം മിനാരങ്ങളും മോസ്കുകളും ബുര്‍ക്കയും ശിരോ വസ്ത്രവും ഉള്‍പ്പെടെ ഇസ്ലാം മതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിരോധിക്കണമെന്നും പാര്‍ട്ടി കോണ്‍ഗ്രസില്‍ അഭിപ്രായമുയര്‍ന്നത് ബഹുഭൂരിപക്ഷത്തോടെയാണു പാസായത്. ഇക്കാര്യങ്ങള്‍ സംയോജിപ്പിച്ച് ജര്‍മനിയോടുള്ള രാജ്യസ്നേഹം ഇസ്ലാം മതത്തിലൂടെ പ്രകടമാക്കാനാവില്ലെന്നും സമ്മേളനം അടിവരയിട്ടു പാസാക്കി.

ജര്‍മന്‍ സമൂഹത്തിലെ അന്യവസ്തു എന്നാണ് പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാന്‍ അലക്സാന്‍ഡര്‍ ഗൌലാന്‍ഡ് ഇസ്ലാം മതത്തെ വിശേഷിപ്പിച്ചത്. കത്തോലിക്കാ, പ്രൊട്ടസ്റന്റ് വിഭാഗങ്ങള്‍ പോലെയല്ല, രാജ്യം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നതാണ് ഇസ്ലാമിന്റെ സംവിധാനമെന്നും ജര്‍മനി ഇസ്ലാമികവത്കരിക്കാന്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള പ്രേരണ ഇവിടെ വിലപ്പോകില്ലെന്നും അതിനാല്‍ കരുതിയിരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. ജര്‍മന്‍ ഭരണഘടനയുമായി ഒരിക്കലും യോജിച്ചു പോകാന്‍ കഴിയാത്ത ഒരു രാഷ്ട്രീയ ആശയം എന്നാണ് ഇസ്ലാം മതത്തെ എഎഫ്ഡി വക്താവ് ബിയാട്രിസ് വോന്‍ സ്റ്റോര്‍ച്ച് വിശേഷിപ്പിച്ചത്.

ഹിറ്റ്ലറുടെ കാലഘട്ടത്തിനുശേഷം ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി ഒരു മത സമൂഹത്തെ അപ്പാടെ തുടച്ചുനീക്കുമെന്നു പ്രഖ്യാപിക്കുന്നതെന്നു മുസ്ലിം കൌണ്‍സില്‍ ചെയര്‍മാന്‍ അയ്മന്‍ മേസിയെക് ചൂണ്ടിക്കാട്ടി. എഫ്ഡിയുടെ പ്രമേയത്തിനെതിരെ പ്രതികരിക്കുകയായിരുന്നു മേസിയേക്.

എഫ്ഡി പാര്‍ട്ടി രൂപീകരിച്ച് മൂന്നുവര്‍ഷം തികഞ്ഞപ്പോഴേയ്ക്കും പാര്‍ട്ടിക്ക് അഭൂതപൂര്‍വമായ പിന്തുണയാണു ലഭിക്കുന്നത്. മെര്‍ക്കലിന്റെ അഭയാര്‍ഥി നയത്തെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നത് എഫ്ഡിയാണ്. അതുകൊണ്ടുതന്നെ അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ മെര്‍ക്കലിനെ മുട്ടുകുത്തിക്കാന്‍ കച്ചമുറുക്കുന്ന ഇവരുടെ ഇപ്പോഴത്തെ ജന പിന്തുണ ചില പ്രദേശങ്ങളില്‍ 19 മുതല്‍ 27 ശതമാനം വരെ ഉയര്‍ന്നിട്ടുണ്ട്. പ്രാദേശിക തലത്തിലും ദേശീയ തലത്തിലും ഇവര്‍ പഞ്ചായത്ത്, നഗര, സംസ്ഥാന സഭകളില്‍ അംഗങ്ങളെ വിജയിപ്പിക്കാന്‍ കഴിഞ്ഞതും മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ അലോസരപ്പെടുന്നുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍