ജര്‍മന്‍ ഫുട്ബോളര്‍ നിക്ളാസ് കാറപകടത്തില്‍ മരിച്ചു
Monday, May 2, 2016 8:17 AM IST
ബെര്‍ലിന്‍: ജര്‍മന്‍ ഫുട്ബോള്‍ താരം നിക്ളാസ് ഫയര്‍ ആബന്റ് (19) കാറപകടത്തില്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടം.

ഹാനോവര്‍ 96 എന്ന ഫുട്ബോള്‍ ക്ളബിലെ മധ്യനിര താരമായ നിക്ളാസ് ശനിയാഴ്ച വൈകുന്നേരം ബുണ്ടസ്ലീഗയില്‍ ഷാല്‍ക്കെയുമായി ഏറ്റുമുട്ടിയിരുന്നു. മല്‍സരത്തില്‍ ഒന്നിനെതിരേ മൂന്നു ഗോളിനു ഷാല്‍ക്കെ ജയിച്ചിരുന്നു. മല്‍സരം കഴിഞ്ഞുള്ള മടക്കയാത്രയില്‍ നിക്ളാസിനൊപ്പം കാറില്‍ മൂന്നുപേരുകൂടി ഉണ്ടായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇവര്‍ ആശുപത്രിയിലാണ്.

അമിത വേഗത്തിലായിരുന്ന കാര്‍ വഴിയോരത്തുള്ള മരത്തിലിടിച്ചാണ് അപകടം. അപകടത്തില്‍ കാര്‍ നിശേഷം തകര്‍ന്നുപോയി.

നിക്ളാസിനോടുള്ള ആദരസൂചകമായി ഞായറാഴ്ച ഹാനോവറില്‍ നടക്കാനിരുന്ന ഫുട്ബോള്‍ മല്‍സരം അധികൃതര്‍ റദ്ദാക്കി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍