ബള്‍ഗേറിയന്‍ നഗരത്തില്‍ ബുര്‍ഖ നിരോധിച്ചു
Saturday, April 30, 2016 4:35 AM IST
പസാര്‍ദ്സിക്: ബള്‍ഗേറിയയിലെ തെക്കന്‍ നഗരമായ പസാര്‍ദ്സിക്കില്‍ ബുര്‍ഖ നിരോധിച്ചു. രാജ്യത്ത് ആദ്യമായാണ് ബുര്‍ഖ നിരോധനം നടപ്പാക്കുന്നത്.

മുഖം മറയ്ക്കുന്ന തരത്തിലുള്ള എല്ലാത്തരം വസ്ത്രധാരണങ്ങളും നിരോധിച്ചുകൊണ്ടാണ് ഉത്തരവ്. മുസ്ളിം സ്ത്രീകള്‍ ഉപയോഗിക്കുന്ന ബുര്‍ഖ തന്നെയാണ് ഇതില്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.

രണ്ടിനെതിരേ 39 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തില്‍ ഇതു സംബന്ധിച്ച നിര്‍ദേശം തദ്ദേശ ഭരണകൂടം പാസാക്കി. പൊതുസ്ഥലങ്ങളില്‍ മാത്രമാണ് നിയമം ബാധകമാകുക. വീടുകളിലോ ആരാധനാലയങ്ങളിലോ ബാധകമല്ല.

നിയമം ലംഘിക്കുന്നവര്‍ക്ക് സാമ്പത്തിക നഷ്ടമാണുണ്ടാവുക. ബള്‍ഗേറിയന്‍ നാണയമായ 300 ലെവ്സ് ആണ് പിഴയായി ഒടുക്കേണ്ടത്. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ ആയിരമാകും.

ഏഴര മില്യന്‍ വരുന്ന ബള്‍ഗേറിയന്‍ ജനസംഖ്യയില്‍ 12 ശതമാനം മുസ്ളിംകളാണ്. എന്നാല്‍, ഇവരില്‍ ബഹുഭൂരിപക്ഷവും മുഖം മറയ്ക്കുന്ന തരത്തില്‍ വസ്ത്രം ധരിക്കുന്നവരല്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍