സ്വിറ്റ്സര്‍ലന്‍ഡിലെ അനധികൃത കുടിയേറ്റക്കാരും ചെയ്യുന്നത് വീട്ടുജോലി
Wednesday, April 27, 2016 8:08 AM IST
ബെര്‍ലിന്‍: അനധികൃതമായി സ്വിറ്റ്സര്‍ലന്‍ഡില്‍ കഴിയുന്ന വിദേശ കുടിയേറ്റക്കാരില്‍ പകുതിപ്പേരും ചെയ്യുന്നത് വീട്ടു ജോലി എന്ന് പഠന റിപ്പോര്‍ട്ട്.

സ്വിസ് കുടുംബങ്ങളാണ് ഇങ്ങനെയുള്ളവരെ ഏറ്റവും കൂടുതല്‍ ജോലിക്കു നിര്‍ത്തുന്നത്. കുറഞ്ഞ ശമ്പളം നല്‍കിയാല്‍ മതി എന്നതു തന്നെ മുഖ്യ ആകര്‍ഷണം.

പത്തു വര്‍ഷം മുന്‍പ് രാജ്യത്ത് 90,000 അനധികൃത കുടിയേറ്റക്കാര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 76,000 പേര്‍ മാത്രമാണുള്ളത് എന്നും വ്യക്തമാകുന്നു. ഇതിനു കൃത്യമായ കണക്കില്ലെങ്കിലും 50,000നും 90,000 നും ഇടയിലാണ് അനധികൃത കുടിയേറ്റക്കാരുടെ എണ്ണം എന്ന് റിപ്പോര്‍ട്ട് ഉറപ്പിച്ചു പറയുന്നു.

ടൂറിസ്റ് വീസകളിലോ, യാതൊരു യാത്രാ രേഖകളുമില്ലാതെയോ സ്വിറ്റ്സര്‍ലന്‍ഡില്‍ എത്തിയവരാണ് ഇതില്‍ മൂന്നില്‍ രണ്ട് പങ്കും. അഞ്ചിലൊന്ന് ആളുകള്‍ റസിഡന്‍സി അപേക്ഷയോ അഭയാര്‍ഥിത്വ അപേക്ഷയോ നിരസിക്കപ്പെട്ടിട്ടും രാജ്യത്ത് തുടരുന്നവരാണ്.

ആകെ അനധികൃത കുടിയേറ്റക്കാരില്‍ 28,000 പേര്‍ കഴിയുന്നത് സൂറിച്ചിലാണ്. 13,000 പേര്‍ ജനീവയിലും 12,000 പേര്‍ വോദ് പ്രവിശ്യയിലുമാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍