സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥികളുടെ സ്പോര്‍ട്സ് ഡേ പ്രൌഡഗംഭീരമായി
Tuesday, April 26, 2016 6:48 AM IST
ബ്രിസ്റോള്‍: സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് മതബോധന വിദ്യാര്‍ഥികള്‍ക്കായി ഫിഷ്പോണ്ട്സ് സെന്റ് ജോസഫ് സ്കൂള്‍ ഫീല്‍ഡില്‍ ഏപ്രില്‍ 23നു (ശനി) ഉച്ചകഴിഞ്ഞ് നടത്തിയ സ്പോര്‍ട്സ് ഡേ വിവിധ ഗ്രൂപ്പുകളുടെ വാശിയേറിയ മത്സരങ്ങളോടു കൂടി നടന്നു. 350 ഓളം വരുന്ന മതബോധന വിദ്യാര്‍ഥികളെ നാലു ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരം.

കൂടുതല്‍ ഉണര്‍വോടും ചുറുചുറുക്കോടും കൂടി ഗ്രൂപ്പുകള്‍ ഒന്നൊന്നായി അവരുടെ കഴിവുകള്‍ പ്രകടമാക്കി. ആത്മാര്‍ഥമായി സഹകരിച്ചു നിന്ന വോളന്റിയേഴ്സിന്റെ സേവനവും മുതിര്‍ന്നവരുടെ മത്സരങ്ങളിലുള്ള പങ്കാളിത്തവും കുട്ടികള്‍ക്കു പ്രോത്സാഹനം നല്‍കി.

ഓട്ടമത്സരം, റിലേ, ഫുട്ബോള്‍, വടംവലി, ഫണ്‍ ഗെയിംസ് തുടങ്ങിയ മത്സരങ്ങളില്‍ പങ്കെടുത്തുകൊണ്ട് ഓവറോള്‍ ട്രോഫി നേടിയ സെന്റ് ഏവൂപ്രാസിയ ഗ്രൂപ്പിനേയും അതിന്റെ ക്യാപ്റ്റനെയും സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. പോള്‍ വെട്ടിക്കാട്ട് അനുമോദിച്ചു. മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഞായറാഴ്ച വിശുദ്ധ കുര്‍ബാനക്കുശേഷം നടന്ന ചടങ്ങില്‍ ടഠടങഇഇ വികാരി ഫാ. പോള്‍ വെട്ടിക്കാട്ട്, സിസ്റര്‍ ഗ്രേസ് മേരി, സിസ്റര്‍ ലീന മേരി എന്നിവര്‍ സമ്മാനിച്ചു.

സ്പോര്‍ട്സ് ഡേക്ക് നേതൃത്വം നല്‍കിയ ബെര്‍ലി തോമസ്, ലിജി, സണ്‍ഡേ സ്കൂള്‍ പ്രധാന അധ്യാപിക തെരേസ മാത്യു, ജയിംസ്, മറ്റ് അധ്യാപകര്‍, പിടിഎ മെംബേഴ്സ്, മാതാപിതാക്കള്‍, മത്സരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ എന്നിവരെ വികാരി ഫാ.പോള്‍ വെട്ടിക്കാട്ട് അഭിനന്ദിച്ചു.

റിപ്പോര്‍ട്ട്: ജെഗി ജോസഫ്