അഭയാര്‍ഥി പ്രശ്നം: മെര്‍ക്കലിന്റെ ധൈര്യത്തെ പ്രശംസിച്ച് ഒബാമ
Tuesday, April 26, 2016 5:43 AM IST
ബര്‍ലിന്‍: അഭയാര്‍ഥി പ്രശ്നത്തില്‍ ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ കാണിച്ച ധൈര്യം പ്രശംസാര്‍ഹമെന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ. തുര്‍ക്കി സന്ദര്‍ശനത്തിനു മുന്നോടിയായാണ് പരാമര്‍ശം. യഥാര്‍ഥ രാഷ്ട്രീയ - ധാര്‍മിക നേതൃഗുണമാണ് ഇക്കാര്യത്തില്‍ മെര്‍ക്കല്‍ പ്രദര്‍ശിപ്പിച്ചത്. പല ജര്‍മന്‍കാരും ഇക്കാര്യത്തില്‍ പ്രശംസ അര്‍ഹിക്കുന്നു എന്നും ഒബാമ. ജര്‍മന്‍ ദിനപത്രമായ 'ബില്‍ഡി'ന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിറിയയിലെ അസാദ് ഭരണകൂടത്തിന്റെയും ഇസ്ളാമിക് സ്റേറ്റിന്റെയും ക്രൂരതകള്‍ സഹിക്കാതെ രക്ഷപെട്ടോടുന്ന കുട്ടികള്‍ അടക്കമുള്ള കുടുംബങ്ങളുടെ കഷ്ടതകളെക്കുറിച്ചാണ് മെര്‍ക്കല്‍ സംസാരിച്ചത്. അങ്ങനെയുള്ളവര്‍ക്കു മുന്നില്‍ നമ്മുടെ വാതിലുകള്‍ കൊട്ടിയടയ്ക്കാന്‍ കഴിയില്ല- ഒബാമ പറഞ്ഞു.

ജര്‍മനിയില്‍ ഒബാമയുടെ 'അവസാന' സന്ദര്‍ശനം

യുഎസ് പ്രസിഡന്റ് എന്ന നിലയില്‍ ബരാക് ഒബാമ ജര്‍മനിയില്‍ അവസാന സന്ദര്‍ശനം നടത്തി. ട്രാന്‍സ് അറ്റ്ലാന്റിക് വ്യാപാര കരാറിനായുള്ള സമ്മര്‍ദമായിരുന്നു ഈ യാത്രയുടെ പ്രധാന ലക്ഷ്യം.

ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനില്‍ നിന്നാണ് ഒബാമ ജര്‍മനിയിലേക്കു പറന്നത്. സിറിയയിലേക്ക് പാശ്ചാത്യ സൈന്യത്തെ അയയ്ക്കുന്നത് തെറ്റായ തീരുമാനമാണെന്ന് ഇവിടെയെത്തിയ ശേഷം അദ്ദേഹം പ്രഖ്യാപിച്ചു. യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ ബ്രിട്ടന്‍ തീരുമാനിച്ചാല്‍ അത് ലോകവേദിയില്‍ ബ്രിട്ടന്റെ സ്വാധീനം കുറയ്ക്കുമെന്ന മുന്നറിയിപ്പു നല്‍കാനും അദ്ദേഹം മടിച്ചില്ല.

യുഎസ് പ്രസിഡന്റായ ശേഷം അഞ്ചാം വട്ടമാണ് ഒബാമ ജര്‍മനിയിലെത്തുന്നത്. ലോകത്തെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ട്രാന്‍സ് അറ്റ്ലാന്റിക് കരാറിനായി സമ്മര്‍ദം തുടരുക എന്നതിനു പുറമേ, വിവിധ ആഗോള പ്രശ്നങ്ങളും അദ്ദേഹം ഇവിടെ ചര്‍ച്ച ചെയ്യുന്നു.

ബരാക് ഒബാമ രണ്ടു ദിവസം നീക്കിവയ്ക്കുന്നത് ഹാനോവറില്‍

ലോവര്‍ സാക്സണിയുടെ തലസ്ഥാനത്തു തന്നെയാണ് അദ്ദേഹം ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലുമായി കൂടിക്കാഴ്ച നടത്തുക. ഹാനോവര്‍ ഫെയറിന്റെ ഉദ്ഘാടനം മുഖ്യ പൊതു ചടങ്ങും. ഈ വര്‍ഷം യുഎസാണ് ഹാനോവര്‍ മേളയുടെ സഖ്യ രാജ്യം.

യൂറോപ്യന്‍ യൂണിയനും യുഎസും തമ്മില്‍ ചര്‍ച്ച തുടരുന്ന ട്രാന്‍സ് അറ്റ്ലാന്റിക് സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ച സമ്മര്‍ദങ്ങളുടെ ഭാഗം കൂടിയാണ് ഒബാമയുടെ സന്ദര്‍ശനം.

ലോവര്‍ സാക്സണി പ്രധാനമന്ത്രി സ്റീഫന്‍ വീല്‍, ജര്‍മനിയിലെ യുഎസ് അംബാസഡര്‍ ജോണ്‍ ബി. എമേഴ്സണ്‍, ചാന്‍സല്‍റിയുടെ മുഖ്യ പ്രോട്ടോകോള്‍ ഓഫിസര്‍ എന്നിവര്‍ ചേര്‍ന്നാണ് വിമാനത്താവളത്തില്‍ ഒബാമയെ സ്വീകരിച്ചത്. ബ്രിട്ടനിലെ എലിസബെത്ത് രാജ്ഞിയുടെ 90ാം ജന്മദിനാഘോഷങ്ങളില്‍ പങ്കെടുത്ത ശേഷം ഏപ്രില്‍ 24 ന് ഞായറാഴ്ചയാണ് ഒബാമ ജര്‍മനിയിലെത്തിയത്. ഉച്ചയ്ക്ക് 12.40-നു വ്യവസായ നഗരമായ ഹാനോവറില്‍ വിമാനമിറങ്ങിയ ഒബാമയ്ക്ക് വന്‍വരവേല്‍പ്പാണ് നല്‍കിയത്. ചാന്‍സലര്‍ മെര്‍ക്കല്‍ നല്‍കിയ സ്വീകരണം സൈനിക ബഹുമതികളോടെയാണ്. ഒബാമയ്ക്കൊപ്പം പത്നി മിഷേലും ഉണ്ടായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍