വിനീത് ശ്രീനിവാസനെയും സംഘത്തെയും വരവേല്‍ക്കാന്‍ യുകെ മലയാളികള്‍ ഒരുങ്ങുന്നു
Monday, April 25, 2016 3:25 AM IST
മാഞ്ചസ്റര്‍: നാദവും ഹാസ്യവും താളവും ഒത്തിണങ്ങിയ ഒരു ദൃശ്യ വിരുന്നിനായി കാത്തിരുന്ന യുകെ മലയാളികള്‍ വിനീത് ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള കലാസംഘത്തെ സ്വീകരിക്കുവാനുള്ള ഒരുക്കത്തിലാണ്. 'നാദവിനീതഹാസ്യം 2016' എന്നു പേരു നല്‍കിയിട്ടുള്ള മെഗാഷോ യുകെയിലെ എല്ലാ ഭാഗങ്ങളിലുമുള്ള മലയാളികള്‍ക്ക് പങ്കെടുക്കുന്നതിനായി മൂന്നു പ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി നടത്തുന്നത്.

ജൂണ്‍ 17, 18, 19 തീയതികളില്‍ സൌത്ത് മേഖലയിലെ മലയാളികളുടെ സൌകര്യാര്‍ഥം ഈസ്റ്ഹാമിലും മിഡ്ലാന്റ്സിലെ ലെസ്ററിലും നോര്‍ത്ത് മാഞ്ചസ്ററിലുമായിട്ടാണ് പരിപാടി നടത്തുന്നത്.

17നു (വെള്ളി) വൈകുന്നേരം ആറിന് ഈസ്റ്ഹാമിലെ ദി വൈറ്റ്ഹൌസ് റവന്യൂവില്‍ വച്ചും 18നു (ശനി) മിഡ്ലാന്‍സ് ലെസ്ററിലെ മെഹര്‍ സെന്ററിലും 19നു (ഞായര്‍) മാഞ്ചസ്റര്‍ സ്റോക്ക്പോര്‍ട്ടിലെ ദി പ്ളാസായിലുമായിട്ടാണ് പരിപാടി നടക്കുക.

ഈ ആഴ്ച്ചയോടെ ടിക്കറ്റ് വില്‍പ്പന ആരംഭിക്കും. ഇഷ്ടപ്പെട്ട കാറ്റഗറികളില്‍ ടിക്കറ്റ് ലഭിക്കണമെങ്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതാണ്.

യുകെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മയും യുകെയിലെ ഏറ്റവും വലിയ മലയാളി ബിസിനസ് സംരഭമായ അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസും ടെലിവിഷന്‍ ചാനല്‍ ഗര്‍ഷോം ടിവിയും ഒത്തുചേരുമ്പോള്‍ അത് 'നാദവിനീതഹാസ്യം 2016' മെഗാഷോയ്ക്ക് ശക്തമായ പിന്‍ബലമേകുന്നു.

യുകെ മലയാളികള്‍ക്കിടയില്‍ ഏറെ ജനപ്രീതി നേടിയ യുക്മ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സ്റാര്‍ സിംഗര്‍ സീസണ്‍ രണ്ടിന്റെ ഗ്രാന്റ്ഫിനാലെയുടെ മാറ്റുകൂട്ടുവാനും കൂടിയാണ് താരനിബിഡമായ 'നാദവിനീതഹാസ്യം 2016' യു.കെയിലെത്തുന്നത്. യുക്മ സ്റാര്‍ സിംഗര്‍ സീസണ്‍ ഒന്നിന്റെ ഗ്രാന്റ് ഫിനാലെയില്‍ മലയാളികളുടെ വാനമ്പാടി കെ.എസ്. ചിത്ര നയിച്ച് വന്‍വിജയമായി മാറിയ ചിത്രഗീതം മെഗാഷോയ്ക്ക് ശേഷം യുക്മഅലൈഡ് ഗര്‍ഷോം ടിവി ടീം ഒന്നിക്കുന്ന പരിപാടിയാണ് നാദവിനീതഹാസ്യം 2016.

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരുപിടി താരങ്ങളെ അണിനിരത്തിക്കൊണ്ടാണ് ഈ മെഗാ ഷോ തയാറാക്കിയിരിക്കുന്നത്. എല്ലാ താരങ്ങള്‍ക്കും ഇക്കുറി നേരത്തേ തന്നെ വീസ ലഭിച്ചതും സംഘാടകരുടെ ഒരുക്കങ്ങള്‍ക്ക് ആവേശം പകരുന്നതായി. മലയാള സിനിമയിലെ ബഹുമുഖപ്രതിഭയും യുവതലമുറയുടെ ഹരവുമായ വിനീത് ശ്രീനിവാസന്‍ തന്റെ ആദ്യ യൂറോപ്യന്‍ മെഗാഷോയ്ക്ക് നേതൃത്വം നല്‍കുമ്പോള്‍ മലയാളത്തിന്റെ പ്രിയതാരങ്ങളായ നാദിര്‍ ഷാ, വൈക്കം വിജയലക്ഷ്മി, പാഷാണം ഷാജി, രഞ്ജിനി ജോസ്, പ്രശാന്ത് കാഞിരമറ്റം, യാസിര്‍ ഹമീദ്, വീണ നായര്‍ എന്നിവരോടൊപ്പം മറ്റനേകം പ്രഗത്ഭരായ കലാകാരന്‍മാരും കലാകാരികളും യുകെയുടെ മണ്ണിലേക്കെത്തുകയാണ്.

റിപ്പോര്‍ട്ട്: അനീഷ് ജോണ്‍