ലുഫ്ത്താന്‍സായില്‍ വീണ്ടും സമരം; ഏപ്രില്‍ 27നു യാത്ര ദുഷ്കരമാവും
Saturday, April 23, 2016 8:19 AM IST
ബെര്‍ലിന്‍: ജര്‍നിയിലെ ദേശീയ എയര്‍ലൈന്‍സായ ലുഫ്ത്താന്‍സായില്‍ വീണ്ടും സമരം പ്രഖ്യാപിച്ചു. ഏപ്രില്‍ 27നു (ബുധന്‍) സമരം നടത്തുമെന്നാണ് തൊഴിലാളി സംഘടനയായ 'വേര്‍ഡി' മുഖേന വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. യൂറോപ്പിലെ ഏറ്റവും വലിയ ഹബായ ഫ്രാങ്ക്ഫര്‍ട്ട്, ഡ്യൂസല്‍ഡോര്‍ഫ്, മ്യൂണിക്, കൊളോണ്‍/ബോണ്‍, ഡോര്‍ട്ട്മുണ്ട്, ഹാനോവര്‍ തുടങ്ങിയ ജര്‍മനിയിലെ വിമാനത്താവളങ്ങളില്‍ നിന്നുള്ള യാത്രക്കാരെ ഏറെ ബാധിക്കുമെന്നാണു സമരക്കാര്‍തന്നെ നല്‍കുന്ന മുന്നറിയിപ്പ്.

കമ്പനിയിലെ ഗ്രൌണ്ട് സ്റാഫ,് എയര്‍ സേഫ്റ്റി കണ്‍ട്രോള്‍ ഉദ്യോഗസ്ഥര്‍, ചെക്ക് ഇന്‍ കൌണ്ടറിലെ ജീവനക്കാര്‍, വര്‍ക്ഷോപ്പ് മെക്കാനിക്കുകള്‍ തുടങ്ങിയവരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. തങ്ങള്‍ക്കുകൂടി പൊതുമേഖല വകുപ്പിലെ സേവന വേതന വ്യവസ്ഥകള്‍ ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇക്കുറി സമരം നടത്തുന്നത്. വേര്‍ഡിയുടെ ആഭിമുഖ്യത്തില്‍ വ്യാവസായിക മേഖലയിലും ആരോഗ്യ മേഖലയിലും നഗര കാര്യാലയ വകുപ്പിലും കിന്‍ഡര്‍ ഗാര്‍ട്ടന്‍, ഡേ കെയര്‍ തുടങ്ങിയ സ്ഥാപനങ്ങളിലും സമരം നടത്തി വിജയിച്ചതിന്റെ പിന്നാലെയാണ് പുതിയ സമര പ്രഖ്യാപനം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍