ഫോക്സ് വാഗന്‍ ഗ്രൂപ്പ് യൂറോപ്പില്‍ 6,30,000 കാറുകള്‍ തിരിച്ചു വിളിക്കുന്നു
Friday, April 22, 2016 8:13 AM IST
ബെര്‍ലിന്‍: പുകബഹിര്‍ഗമനത്തില്‍ കൃത്രിമം കാണിച്ചതിന്റെ പേരില്‍ ഗുഡ്വില്‍ നഷ്ടമായ ജര്‍മനിയിലെ മുന്തിയ കാര്‍നിര്‍മാണ കമ്പനിയായ ഫോക്സ് വാഗന്‍ ഗ്രൂപ്പ് യൂറോപ്പിലുടനീളം 6,30,000 കാറുകള്‍ തിരികെ വിളിക്കുന്നു. ഗ്രൂപ്പിലെ സിയാറ്റ്, സ്കോഡ, ഔഡി, പോര്‍ഷെ തുടങ്ങിയ മാര്‍ക്കുകളിലാണ് കൂടുതല്‍ അട്ടിമറി നടന്നിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷമാണ് കമ്പനിയുടെ കള്ളത്തരം കണ്ടുപിടിക്കപ്പെട്ടത്. ഇതേതുടര്‍ന്നു കമ്പനി ചീഫിന്റെ സ്ഥാനം തെറിച്ചിരുന്നു. ആരോപണം കൊടുമ്പരി കൊണ്ടപ്പോള്‍ സംഭവത്തിന്റെ നിജസ്ഥിതി അറിയിക്കണമെന്ന് ആവശ്യപ്പെട്ട് മെര്‍ക്കല്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

എന്നാല്‍ പിന്നീടു നടന്ന അന്വേഷണത്തില്‍ മലിനീകരണ തട്ടിപ്പ് നടത്തുന്നത് ഫോക്സ്വാഗന്‍ മാത്രമല്ല ജര്‍മനിയിലെ മറ്റു കമ്പനികളും ഉണ്ടെന്ന് വ്യക്തമായി. മലിനീകരണം കുറച്ചു കാണിക്കുന്ന സോഫ്റ്റ്വെയര്‍ വാഹനങ്ങളില്‍ ഘടിപ്പിച്ച് തട്ടിപ്പു നടത്തുന്നത് ഫോക്സ്വാഗന്‍ മാത്രമല്ലെന്ന് ജര്‍മന്‍ അധികൃതരുടെ പരിശോധനയില്‍ വ്യക്തമായിരുന്നു. നൈട്രജന്‍ ഓക്സൈഡ്, കാര്‍ബണ്‍ ഡയോക്സൈഡ് എന്നിവയുടെ അളവ് ലാബ് സാഹചര്യങ്ങളില്‍ പരിധിക്കു താഴെ നില്‍ക്കുന്ന വാഹനങ്ങളില്‍ പോലും യഥാര്‍ഥ ഡ്രൈവിംഗ് സാഹചര്യങ്ങളില്‍ പരിധിക്കു മുകളിലാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

ഫോക്സ്വാഗന്‍ കാറുകളില്‍ ഇത്തരത്തില്‍ തട്ടിപ്പു നടക്കുന്നതായി തെളിഞ്ഞ പശ്ചാത്തലത്തിലാണ് വിവിധ കമ്പനികളുടെ വാഹനങ്ങള്‍ പ്രത്യേക പരിശോധനയ്ക്കു വിധേയമാക്കിയത്. കൂടുതല്‍ പരിശോധനകള്‍ നടത്തി ഫലം സ്ഥിരീകരിക്കാതെ കമ്പനികളുടെ പേരുകള്‍ പുറത്തുവിടുകയോ മറ്റു നടപടികള്‍ സ്വീകരിക്കുകയോ ചെയ്യില്ലെന്ന് ഫെഡറല്‍ ഓഫീസ് ഓഫ് മോട്ടോര്‍ വെഹിക്കിള്‍സ് അറിയിച്ചിരുന്നു.

ബിഎംഡബ്ള്യു, ഫോര്‍ഡ്, മെഴ്സിഡസ്-ബെന്‍സ്, ആല്‍ഫ റോമിയ, ഡാസിയ, ഹുണ്ടായ്, മസ്ദ എന്നിവയുടെ അമ്പതോളം വ്യത്യസ്ത മോഡലുകള്‍ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. ഇവയും തിരിച്ചുവിളിച്ച പട്ടികയിലുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍