അപകടഭീഷണി: ബെല്‍ജിയം ആണവനിലയങ്ങള്‍ പൂട്ടണമെന്നു ജര്‍മനി
Thursday, April 21, 2016 8:03 AM IST
ബെര്‍ലിന്‍: കാലപഴക്കം ചെന്നതിനെത്തുടര്‍ന്നു അപകടഭീഷണി നേരിടുന്ന രണ്ടു ആണവനിലയങ്ങള്‍ പൂട്ടണമെന്ന് ബെല്‍ജിയത്തോട് അയല്‍രാജ്യമായ ജര്‍മനി ആവശ്യപ്പെട്ടു. പഴക്കമേറിയ തിഹാങ്കെ 2, ഡോയല്‍ 3 എന്നീ ആണവനിലയങ്ങളാണ് താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടതെന്ന് ജര്‍മന്‍ പരിസ്ഥിതി മന്ത്രി ബാര്‍ബറ ഹെന്‍ഡ്രിക്സ് അറിയിച്ചു. ഇവിടെ നിരവധി സുരക്ഷാകാരണങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ലെന്നാണ് മന്ത്രിയുടെ ആരോപണം.

കേടുപാടുകളെ തുടര്‍ന്നു 2012 ല്‍ ഈ രണ്ടു ആണവനിലയങ്ങളുടെയും പ്രവര്‍ത്തനം ബെല്‍ജിയം നിര്‍ത്തിവച്ചിരുന്നു. അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കിയെന്ന നിലയിലാണ് ഇവ വീണ്ടും 2015 ല്‍ പ്രവര്‍ത്തന ക്ഷമമാക്കിയത്. എന്നാല്‍ ഇപ്പോഴും ഇവ പൂര്‍ണതോതില്‍ സുരക്ഷിതമല്ലെന്നാണ് ജര്‍മനിയുടെ കണ്ടെത്തല്‍. 40 വര്‍ഷത്തോളം പഴക്കമുണ്ട്. എന്നാല്‍ കാലപഴക്കമെത്തിയെങ്കിലും രാജ്യത്തുള്ള ആണവനിലയങ്ങളുടെ പ്രവര്‍ത്തനം 2025 വരെ നീട്ടാനാണ് ബെല്‍ജിയത്തിന്റെ നീക്കമെന്നാണ് ബെല്‍ജിയം മന്ത്രി പറയുന്നത്. ഒപ്പം ബല്‍ജിയത്തെ സുരക്ഷാ ഏജന്‍സിയായ (ചൌരഹലമൃ ടമളല്യ അഴലിര്യ /അഎഇച) മന്ത്രിയെ പിന്‍താങ്ങിയിട്ടുണ്ട്.

ആണവനിലയത്തിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി നെതര്‍ലന്‍ഡ്സും ബെല്‍ജിയത്തെ വിവരം ധരിപ്പിച്ചിരുന്നു. ഇതിന്റെ പിന്നാലെയാണ് ജര്‍മനിയും ആശങ്ക അറിയിച്ചത്. ജര്‍മനിയുടെ അതിര്‍ത്തിയില്‍ നിന്ന് 40 ഓളം കിലോമീറ്റര്‍ ദൂരത്താണ് ഡോയല്‍ നിലയം സ്ഥിതിചെയ്യുന്നത്. ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഇതിനോടു ചേര്‍ന്നു കിടക്കുന്ന ജര്‍മനിയിലെ സംസ്ഥാനങ്ങളും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

2022 ഓടെ രാജ്യത്തെ ആണവനിലയങ്ങള്‍ നിര്‍ത്തിവയ്ക്കുമെന്ന് ആംഗല മെര്‍ക്കല്‍ സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍