ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി നവതി നിറവില്‍
Thursday, April 21, 2016 8:02 AM IST
ലണ്ടന്‍: സൂര്യന്‍ അസ്തമിക്കാത്ത നാട്ടിലെ രാജ്ഞി എലിസബത്ത് (ഝൌലലി ഋഹശ്വമയലവേ കക) നവതി നിറവില്‍. ബ്രിട്ടനിലെ രാജകുടുംബത്തിലെ പതിനാറാമത്തെ കിരീടാവകാശിയായി ജോര്‍ജ് ആറാമന്‍ രാജാവിന്റെയും എലിസബത്ത് ലെയോന്റെയും പുത്രിയായി 1926 ഏപ്രില്‍ 21നു ലണ്ടനിലെ മെയ്ഫെയറിലാണ് ജനനം. 1947 ല്‍ എഡിന്‍ബുര്‍ഗ് ഡ്യൂക്ക് ഫിലിപ്പ് രാജാവിനെ വിവാഹം ചെയ്തു.

ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടനെ ഭരിച്ച ആളെന്ന ബഹുമതിയും എലിസബത്ത് രാജ്ഞിക്കു സ്വന്തം. 1952 ഫെബ്രുവരി ആറിനു രാജ്ഞിയായി പ്രഖ്യാപിച്ചെങ്കിലും 1953 ജൂണ്‍ രണ്ടിനാണ് അധികാരകിരീടം ചൂടിയത്. തുടര്‍ന്നു 2012 ജൂണ്‍ രണ്ടുവരെയുള്ള കാലം, 60 വര്‍ഷം ബ്രിട്ടന്റെ രാജ്ഞിയായി വാണു. അധികാരത്തിന്റെ ഡയമണ്ട് ജൂബിലിയും ആഘോഷിച്ചിരുന്നു. രാജ്ഞിയുടെ കിരീടധാരണചടങ്ങ് 20 മില്യന്‍ ആളുകളാണു ടിവിയിലൂടെ ദര്‍ശിച്ചത്. 117 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള രാജ്ഞി ഒരു മില്യനിലധികം മൈല്‍ ദൂരം യാത്ര ചെയ്തിട്ടുണ്ട്. രാജ്ഞിയുടെ ഔദ്യോഗികമായ 130 ഛായാചിത്രങ്ങള്‍ വരയ്ക്കുന്നതിനുവേണ്ടി സമയം നല്‍കിയിട്ടുണ്ട്.

കോമണ്‍വെല്‍ത്തിലെ 53 രാജ്യങ്ങളുടെ നായികയായിരുന്ന രാജ്ഞി ഇപ്പോഴും രാജ്യത്തെ ജനങ്ങളുടെ പ്രിയങ്കരിയാണ്.

രാജ്ഞിയുടെ തൊണ്ണൂറാം ജന്മദിനം വിപുലമായ പരിപാടികളോടെയാണ് ആഘോഷിക്കുന്നത്. രാജ്ഞിയും രാജകുടുംബാംഗങ്ങളും ഒപ്പമുള്ള വെളിച്ചം കാണാത്ത പഴയകാല ഫോട്ടോകള്‍ ജന്മദിനത്തോടനുബന്ധിച്ച് പുറത്തുവന്നിട്ടുണ്ട്. നവതി പ്രമാണിച്ച് ആദരവായി തപാല്‍ സ്റാമ്പും കാമറോണ്‍ സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.

ചാള്‍സ്, അന്നെ, എഡ്വേര്‍ഡ്, ആന്‍ഡ്രൂ എന്നിവര്‍ മക്കളും വില്യം, ഹാരി എന്നിവര്‍ കൊച്ചുമക്കളും പ്രിന്‍സ് ജോര്‍ജ്, ഷാര്‍ലെറ്റ് എന്നിവര്‍ ഗ്രേറ്റ് ഗ്രാന്‍ഡ് ചില്‍ഡ്രനുമാണ്. അന്തരിച്ച ഡയാന മരുമകളാണ്. മാര്‍ഗരറ്റാണ് സഹോദരി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍