എഎഫ്ഡി നാസികളെന്ന് ജര്‍മന്‍ മുസ്ലിം കൌണ്‍സില്‍
Wednesday, April 20, 2016 9:00 AM IST
ബെര്‍ലിന്‍: ജര്‍മനിയിലെ തീവ്ര വലതുപക്ഷ സംഘടനയായ ഓള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി പാര്‍ട്ടി (എഎഫ്ഡി) നാസികളാണെന്ന് ജര്‍മനിയിലെ സെന്‍ട്രല്‍ മുസ്ലിം കൌണ്‍സില്‍. പാര്‍ട്ടി പ്രഖ്യാപിച്ച കടുത്ത മുസ്ലിം വിരുദ്ധ നിലപാടിനു പ്രതികരണമായാണ് ആരോപണം.

ഹിറ്റ്ലറുടെ കാലഘട്ടത്തിനുശേഷം ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി ഒരു മത സമൂഹത്തെ അപ്പാടെ തുടച്ചുനീക്കുമെന്നു പ്രഖ്യാപിക്കുന്നതെന്നു കൌണ്‍സില്‍ ചെയര്‍മാന്‍ അയ്മന്‍ മേസിയെക് ചൂണ്ടിക്കാട്ടി.

ജര്‍മന്‍ ഭരണഘടനയുമായി ഒരിക്കലും യോജിച്ചു പോകാന്‍ കഴിയാത്ത ഒരു രാഷ്ട്രീയ ആശയം എന്നാണ് ഇസ്ലാം മതത്തെ എഎഫ്ഡി വക്താവ് ബിയാട്രിസ് വോന്‍ സ്റോര്‍ച്ച് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ വിശേഷിപ്പിച്ചത്.

പല മുസ്ലിംകളും ജര്‍മനിയുടെ ഭാഗമായിക്കഴിഞ്ഞെങ്കിലും ഇസ്ലാം മതം ജര്‍മനിയുടെ ഭാഗമല്ലെന്ന നിലപാടും അവര്‍ പ്രഖ്യാപിച്ചിരുന്നു. ജര്‍മന്‍ സമൂഹത്തിലെ അന്യവസ്തു എന്നാണ് പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാന്‍ അലക്സാന്‍ഡര്‍ ഗൌലാന്‍ഡ് ഇസ്ലാം മതത്തെ വിശേഷിപ്പിച്ചത്. കത്തോലിക്ക, പ്രൊട്ടസ്റന്റ് വിഭാഗങ്ങള്‍ പോലെയല്ല, രാജ്യം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നതാണ് ഇസ്ലാമിന്റെ സംവിധാനമെന്നും ജര്‍മനിയുടെ ഇസ്ലാമികവത്കരണത്തെ കരുതിയിരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കിയിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍