മുന്‍ ജിഹാദിക്ക് പതിനഞ്ചുമാസം തടവുശിക്ഷ; ജയില്‍ മുറിക്കു പകരം ക്ളാസ് മുറി
Monday, April 18, 2016 4:57 AM IST
വിയന്ന: പത്തൊമ്പതുകാരനായ മുന്‍ ജിഹാദിക്ക് 15 മാസം തടവുശിക്ഷ വിധിച്ചുകൊണ്ട് ഓസ്ട്രിയയിലെ കോടതി ഉത്തരവിട്ടു.

ഭീകരവാദ അനുകൂല സംഘടനയെ അനുകൂലിച്ചു എന്ന കാരണത്താലാണ് ഇബ്രാഹിമിനെ 15 മാസത്തേക്ക് തടവിനുവിധിച്ചത്. ഇതില്‍ അഞ്ചു മാസം തടവുശിക്ഷ ഉടനടി അനുഭവിച്ചു തീര്‍ക്കണം. 10 മാസക്കാലം ഇബ്രാഹിം സ്കൂളില്‍ പോകുകയും വേണം.

കഴിഞ്ഞ ജൂണിലാണ് ഇബ്രാഹിം തുര്‍ക്കിയിലെ ഈസ്താംബൂളിലേക്ക് വണ്‍വേ ടിക്കറ്റ് എടുത്ത് വിശുദ്ധ യുദ്ധത്തിനായി പുറപ്പെട്ടത്. അവിടെനിന്നു സിറിയയിലേക്ക് പോകുവാനായിരുന്നു പദ്ധതി. വിശുദ്ധ യുദ്ധത്തിനു തയാറെടുത്ത് ഇസ്താംബൂളിലെത്തിയ ഇബ്രാഹിം ഐഎസ് ഭീകരര്‍ സാധാരണക്കാരെ കൂട്ടക്കശാപ്പ് ചെയ്യുന്ന വീഡിയോ കാണാനിടയായി. യുദ്ധക്കൊതി അവസാനിപ്പിച്ച് തിരികെ മടങ്ങുവാന്‍ തീരുമാനിച്ചു. അങ്ങനെ മാതാപിതാക്കളുമായി ബന്ധപ്പെടുകയും അവര്‍ അവനെ തിരികെ ഇസ്താംബൂളിലേക്ക് കൂട്ടിക്കൊണ്ടു വരികയും ചെയ്തു.

മാര്‍ച്ച് മൂന്നു മുതല്‍ ഇബ്രാഹിമിനെ സ്കൂളിലേക്ക് അയച്ചുകൊണ്ട് കോടതി ഉത്തരവിട്ടു. തന്നെയുമല്ല തന്റെ ഐഎസ് പ്രവര്‍ത്തന പരിചയം ക്ളാസ് മുറികളില്‍ വിവരിക്കുകയും വേണം.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍