ഒരു വര്‍ഷത്തിനുള്ളില്‍ പോളിയോ ഇല്ലാതാകുമെന്നു ലോകാരോഗ്യ സംഘടന
Tuesday, April 12, 2016 8:15 AM IST
ജനീവ: ലോകം ഒരു വര്‍ഷത്തിനുള്ളില്‍ പോളിയോമുക്തമാവുമെന്ന് ലോകാരോഗ്യ സംഘടന. വസൂരിക്കുശേഷം ലോകത്തുനിന്നു തുടച്ചുനീക്കപ്പെടുന്ന ആദ്യ രോഗാണുവാണു പോളിയോ വൈറസ്.

1980 ലാണ് വസൂരി നിര്‍മാര്‍ജനം ചെയ്യപ്പെട്ടതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്. നിലവില്‍ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനുമാണ് പോളിയോ ഭീഷണി നേരിടുന്ന രാജ്യങ്ങള്‍. ഈ വര്‍ഷം ലോകത്ത് റിപ്പോര്‍ട്ട് ചെയ്ത ഒമ്പത് പോളിയോ കേസുകളില്‍ രണ്ടെണ്ണം അഫ്ഗാനിസ്ഥാനിലും ഏഴെണ്ണം പാക്കിസ്ഥാനിലുമാണ്. ഇവിടെ പോളിയോവിരുദ്ധ പ്രചാരണങ്ങള്‍ക്കെതിരെ തീവ്രവാദ ഭീഷണി ശക്തമാണ്. 1988 ല്‍ 150 രാജ്യങ്ങളില്‍ പോളിയോ വൈറസ് സാന്നിധ്യമുണ്ടായിരുന്നു. ഇന്ന് അത് രണ്ടു രാജ്യങ്ങളിലായി മാത്രം ചുരുങ്ങിയിട്ടുണ്ട്.

ഇതിനിടെ പോളിയോ മുക്തമായി പ്രഖ്യാപിക്കപ്പെട്ട രാജ്യങ്ങളില്‍ വീണ്ടും വൈറസ് തലപൊക്കിയ കേസുകളും റിപ്പോര്‍ട്ടു ചെയ്തിരുന്നു. നൈജീരിയ, സിറിയ, ഇറാഖ് എന്നിവിടങ്ങളിലാണ് 2013 ല്‍ പോളിയോ വൈറസിന്റെ സാന്നിധ്യം വീണ്ടും കണ്ടെത്തിയത്. എന്നാല്‍, കുറഞ്ഞ നാള്‍ക്കകം ഈ രാജ്യങ്ങള്‍ വീണ്ടും പോളിയോ മുക്തമായി.

അഫ്ഗാനിസ്ഥാനിലെ 47 ജില്ലകളിലും പാക്കിസ്ഥാനിലെ കറാച്ചി, ക്വറ്റ, പെഷാവര്‍ എന്നിവിടങ്ങളിലുമാണു ലോകാരോഗ്യ സംഘടനയുടെ പോളിയോവിരുദ്ധ ആരോഗ്യപ്രവര്‍ത്തകര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ പോളിയോ നിര്‍മാര്‍ജന ഡയറക്ടര്‍ മിഷേല്‍ സഫ്റാന്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനിലും കാര്യമായ പുരോഗതി കൈവരിക്കാനായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏഴു കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം അത് രണ്ടായി ചുരുങ്ങി.

പോളിയോ നിര്‍മാര്‍ജനത്തിന് 2000 ആണ് ലോകാരോഗ്യസംഘടന നേരത്തേ നിശ്ചയിച്ച സമയപരിധി. 20 വര്‍ഷത്തിനുശേഷം നേട്ടം കൈവരിക്കാനായാലും വാക്സിന്റെ ചരിത്രത്തിലെ സുപ്രധാന അധ്യായമായിരിക്കുമതെന്ന് സഫ്റാന്‍ ചൂണ്ടിക്കാട്ടി.

1908 ല്‍ കാള്‍ ലാന്റ്സ്റൈനര്‍, എര്‍വിന്‍ പൊപ്പര്‍ എന്നീ ശസ്ത്രജ്ഞന്മാരാണ് പോളിയോ വൈറസ് മൂലമാണ് ഉണ്ടാകുന്നതെന്നു കണ്ടുപിടിച്ചത്. പിന്നീട് ഒട്ടോ ഇവാര്‍ വിക്ക്മാന്‍ എന്ന സ്വീഡിഷ് മെഡിസിന്‍ ശാസ്ത്രജ്ഞന്‍ ഇക്കാര്യം ഗവേഷണത്തിലൂടെ സ്ഥിരീകരിച്ചു. 1955 ല്‍ ജോനാസ് സാല്‍ക്ക് എന്ന ഗവേഷകന്‍ പോളിയോ വാക്സിന്‍ കണ്ടുപിടിച്ചു. പിന്നീട് ആല്‍ബെര്‍ട്ട് സബീന്‍ പോളിയോയെ പ്രതിരോധിക്കാന്‍ തുള്ളിമരുന്ന് വികസിപ്പിച്ചെടുത്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍