ഡേവിഡ് കാമറോണ്‍ ആദായ നികുതി രേഖകള്‍ പുറത്തുവിട്ടു
Monday, April 11, 2016 8:17 AM IST
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ തന്റെ കഴിഞ്ഞ ആറു വര്‍ഷത്തെ ആദായനികുതി രേഖകള്‍ പുറത്തുവിട്ടു. പാനമ രേഖകളില്‍ പേര് പരാമര്‍ശിക്കപ്പെട്ടതിനെ തുടര്‍ന്ന് വിവാദത്തിലകപ്പെട്ട സാഹചര്യത്തിലാണ് നടപടി.

മരിച്ചുപോയ പിതാവ് അയാന്‍ ഡൊണാള്‍ഡ് കാമറോണ്‍ നികുതി വെട്ടിച്ച് ദ്വീപുകളില്‍ സമ്പത്ത് നിക്ഷേപിച്ച വിവാദത്തില്‍, തന്റെ 2009 മുതലുള്ള പ്രധാനമന്ത്രിയുടെ സമ്പാദ്യവും നികുതി അടച്ച തുകയും കാണിക്കുന്ന മൂന്നു പേജുള്ള രേഖയാണ് ഞായറാഴ്ച പുറത്തുവിട്ടത്. കാമറോണിന്റെ ഡൌണിങ് സ്ട്രീറ്റ് ഓഫീസ് ആണ് ബ്രിട്ടീഷ് അക്കൌണ്ടന്‍സി സ്ഥാപനമായ ആര്‍എന്‍എസ് തയാറാക്കിയ രേഖകള്‍ പ്രസിദ്ധീകരിച്ചത്.

കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ നികുതി കൊടുക്കേണ്ട വരുമാനമായ 2,00,307 പൌണ്ടിന് പ്രധാനമന്ത്രി നികുതി അടച്ചത് 75,898 പൌണ്ടാണ്. കള്ളപ്പണം നിക്ഷേപിച്ചതില്‍ വ്യാപാരസ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമുള്ള പങ്ക് പരിശോധിക്കുന്നതിന് പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തിയതായും കാമറോണ്‍ പ്രഖ്യാപിച്ചു. അതിനിടെ, പുറത്തുവിട്ട രേഖകളില്‍ രണ്ടു ലക്ഷം പൌണ്ട് മാതാവ് മേരി കാമറോണ്‍ അദ്ദേഹത്തിനു 2011ല്‍ നല്‍കിയ സമ്മാനത്തുകയായാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍, ഈ തുകയ്ക്ക് ഇതുവരെ പ്രധാനമന്ത്രി നികുതിയടച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാക്കള്‍ കാമറോണിനെതിരെ രംഗത്തുവന്നിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍