ആമസോണ്‍ ജര്‍മനി പലചരക്കുകളുടെ വിതരണം തുടങ്ങുന്നു
Monday, April 11, 2016 6:03 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ആമസോണ്‍ ജര്‍മനി, ഇറ്റലിയിലെ പരീക്ഷണത്തിനുശേഷം ജര്‍മനിയിലും ദൈനംദിന പലചരക്കുകളുടെ വീട് വീടാന്തര വിതരണം തുടങ്ങുന്നു. ആമസോണിന്റെ അമേരിക്കയിലെ പലചരക്ക് വിതരണം വിജയകരമായി തുടരുന്നതിന്റെ പിന്നാലെയാണു യൂറോപ്യന്‍ രാജ്യങ്ങളിലും ഈ സര്‍വീസ് തുടങ്ങുന്നതെന്ന് ആമസോണ്‍ ജര്‍മനി വക്താവ് പറഞ്ഞു. പരമാവധി 24 മണിക്കൂറിനകം ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ പുതുമയോടെ വീട്ടില്‍ എത്തിക്കുക എന്നതാണ് ആമസോണ്‍ ജര്‍മനിയുടെ ലക്ഷ്യം. എല്ലാവിധ പലചരക്ക് സാധനങ്ങളും ആമസോണിലൂടെ ഓര്‍ഡര്‍ ചെയ്യാം. ഈ സാധനങ്ങളുടെ ഉത്പാദകര്‍ ആമസോണിനു നല്‍കുന്ന പ്രത്യേക വിലകള്‍ കസ്റമേഴ്സിനു ലഭിക്കും.

ഇപ്പോള്‍ പലചരക്ക് സാധനങ്ങള്‍ ഓര്‍ഡര്‍ അനുസരിച്ച് ജര്‍മനിയിലെ വീടുകളില്‍ വിതരണം ചെയ്യുന്ന റവ, ലിഡല്‍ എന്നിവകളേക്കാള്‍ വേഗത്തില്‍ വളരെ പുതുമയോടെ നിസാര നിരക്കിലുള്ള വിതരണമാണ് ആമസോണ്‍ ജര്‍മനി പ്ളാന്‍ ചെയ്യുന്നത്. അങ്ങനെ യൂറോപ്പിലെ ഏറ്റവും വലിയ ഉപഭോക്ത രാജ്യമായ ജര്‍മനിയില്‍ ഏതാണ്ട് രണ്ടു മില്യാര്‍ഡന്‍ പലചരക്ക് വിതരണമാണു കമ്പനി ലക്ഷ്യമിടുന്നത്. വൃദ്ധരായ ആള്‍ക്കാര്‍, ഹോസ്പിറ്റല്‍, ലോക്കല്‍ റസ്ററന്റുകള്‍ എന്നിവിടങ്ങളില്‍ തങ്ങളുടെ പലചരക്ക് വിതരണം വിജയകരമായി നടത്താന്‍ സാധിക്കുമെന്ന് ആമസോണ്‍ വിലയിരുത്തുന്നു. ഈ വര്‍ഷം പ്രധാനപ്പെട്ട നഗരങ്ങളില്‍ വിതരണം ആരംഭിച്ച് ക്രമേണ ജര്‍മനി മുഴുവന്‍ വ്യാപിപ്പിക്കാനാണ് ആമസോണ്‍ ജര്‍മനിയുടെ പ്ളാന്‍.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍