ജര്‍മന്‍ നഗരങ്ങളില്‍ ഡീസല്‍ കാറുകള്‍ക്ക് നിരോധനം വരുന്നു
Saturday, April 9, 2016 9:44 AM IST
ബെര്‍ലിന്‍: ഡീസല്‍ കാറുകള്‍ നഗര കേന്ദ്രങ്ങളില്‍ പൂര്‍ണമായി നിരോധിക്കാന്‍ ജര്‍മനി ആലോചിക്കുന്നു. വായു മലിനീകരണവും അന്തരീക്ഷ മലിനീകരണവും കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമാണിത്.

ഇപ്പോള്‍ തന്നെ ജര്‍മനിയില്‍ 51 സ്ഥലങ്ങളില്‍ മലിനീകരണം കുറവുള്ള കാറുകള്‍ക്കു മാത്രമാണ് പ്രവേശനാനുമതിയുള്ളത്. ഇതിനായി പ്രത്യേകം എമിഷന്‍ ബാഡ്ജുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രാജ്യത്ത് ഇപ്പോഴുള്ള കാറുകളില്‍ 90 ശതമാനവും മേല്‍പ്പറഞ്ഞ എമിഷന്‍ ബാഡ്ജ് നേടാന്‍ അര്‍ഹതയുള്ളവയാണെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് കൂടുതല്‍ വാഹനങ്ങള്‍ നിരോധിക്കുക എന്ന ലക്ഷ്യത്തോടെ ഡീസല്‍ കാറുകളെ ആകമാനം ഒഴിവാക്കുന്നത്.

നിലവില്‍ കാറുകള്‍ക്ക് നഗരങ്ങളില്‍ പ്രവേശിക്കണമെങ്കില്‍ ഒരോ ഇന്ധനത്തിന്റെയും വകതിരിവനുസരിച്ചുള്ള സ്റിക്കറുകള്‍ കാറുകളില്‍ പതിപ്പിച്ചിരിക്കണം. ഇതില്ലായെങ്കില്‍ പിഴയും നല്‍കണം. ഇതും അന്തരീക്ഷ മലിനീകരണ കുറയ്ക്കലിന്റെ ഭാഗമാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍