പാനമയില്‍ നിന്ന് ലാഭമുണ്ടാക്കിയവരില്‍ കാമറോണും
Saturday, April 9, 2016 8:18 AM IST
ലണ്ടന്‍: പാനമയിലെ നികുതി വെട്ടിപ്പ് നിക്ഷേപങ്ങളില്‍നിന്ന് ലാഭമുണ്ടാക്കിയവരില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണും.

മരിച്ചു പോയ പിതാവിന്റ നിക്ഷേപത്തില്‍ തനിക്ക് മുപ്പതിനായിരം പൌണ്ട് ഷെയര്‍ ഉണ്ടായിരുന്നതായി കാമറോണ്‍ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, 2010ല്‍, പ്രധാനമന്ത്രിയാകുന്നതിനു മുമ്പു തന്നെ ഇതു വിറ്റഴിച്ചിരുന്നുവെന്നും കാമറോണ്‍.

പ്രധാനമന്ത്രിയുടെ സ്വത്തു വകകളെക്കുറിച്ചും പാനമ നിക്ഷേപത്തെക്കുറിച്ചും ദിവസങ്ങളായി പ്രചരിക്കുന്ന അഭ്യൂഹത്തിനാണ് ഇതോടെ വ്യക്തത വന്നിരിക്കുന്നത്.

മുമ്പു നാലു വട്ടം പിതാവിന്റ വിദേശ സാമ്പത്തിക നിക്ഷേപങ്ങളെക്കുറിച്ച് കാമറോണ്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ടെങ്കിലും പാനമ നിക്ഷേപത്തെക്കുറിച്ചോ, അതില്‍ തനിക്കുള്ള ഓഹരിയെക്കുറിച്ചോ ഇതുവരെ പറഞ്ഞിട്ടില്ല.

പാനമ പേപ്പേഴ്സ് എന്ന പേരില്‍ പുറത്തുവന്ന രഹസ്യ രേഖകളില്‍ ഡേവിഡ് കാമറോണിന്റെ പിതാവ് ഇയാന്‍ കാമറോണിന്റെ പേരും പരാമര്‍ശിച്ചിരുന്നു. പ്രധാനമന്ത്രി രാജിവയ്ക്കുകയാണ് വേണ്ടതെന്ന് ലേബര്‍ പാര്‍ട്ടി ഉപനേതാവ് ടോം വാട്സണ്‍ ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍