ജര്‍മനി അതിര്‍ത്തികള്‍ ശക്തമാക്കണം: ഗതാഗത മന്ത്രി
Saturday, April 9, 2016 8:17 AM IST
ബെര്‍ലിന്‍: ഓസ്ട്രിയയുമായും ഇറ്റലിയുമായുള്ള അതിര്‍ത്തികള്‍ ജര്‍മനി കൂടുതല്‍ ഭദ്രമാക്കണമെന്ന് ജര്‍മന്‍ ഗതാഗത മന്ത്രി അലക്സാന്‍ഡര്‍ ഡോബ്രിന്റ് ആവശ്യപ്പെട്ടു. ഓസ്ട്രിയന്‍ പോലീസിനെ സഹായിക്കാന്‍ ജര്‍മനി അതിര്‍ത്തിയിലേക്ക് കൂടുതല്‍ പോലീസുകാരെ അയയ്ക്കണമെന്നും ഡോബ്രിന്റ്.

ഇറ്റലിയെയും ഓസ്ട്രിയയെയും ബന്ധിപ്പിക്കുന്ന ബ്രെന്നര്‍ ചുരം സംരക്ഷിക്കാന്‍ ഓസ്ട്രിയന്‍ പോലീസിനാകുന്നില്ല. അവരെ സഹായിക്കാനുള്ള ബാധ്യത ജര്‍മനിക്കുള്ളതായും ഡോബ്രിന്‍ അഭിപ്രായപ്പെട്ടു.

ബാള്‍ക്കന്‍ രാജ്യങ്ങളുമായി നേരത്തെ ഒപ്പുവച്ച കരാര്‍ പ്രകാരം ജര്‍മനിക്ക് അതിര്‍ത്തി നിയന്ത്രണം എളുപ്പമാണെന്നാണ് ഓസ്ട്രിയ പറയുന്നത്. 2015 മുതല്‍ ഗ്രീസില്‍നിന്നു ജര്‍മനിയിലേക്ക് അഭയാര്‍ഥി പ്രവാഹം നടക്കുന്ന പ്രധാനപാത ഇതു കാരണം സംരക്ഷിക്കാന്‍ സാധിക്കുന്നു. ജര്‍മനി നേരിട്ട് അതിര്‍ത്തി അടയ്ക്കാതെ തന്നെ ജര്‍മനിയിലേക്കുള്ള അഭയാര്‍ഥി പ്രവാഹം തടയാനും ഇതുവഴി സാധ്യമാകുന്നു. ഈ സാഹചര്യത്തിലാണ് ഡോബ്രിന്റിന്റെ അഭിപ്രായപ്രകടനം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍