മേയ് മാസത്തോടെ ജര്‍മനി അതിര്‍ത്തിനിയന്ത്രണം നീക്കിയേക്കും
Thursday, April 7, 2016 8:13 AM IST
ബെര്‍ലിന്‍: അഭയാര്‍ഥിപ്രവാഹം കുറയുന്ന പ്രവണത ഇതുപോലെ തുടര്‍ന്നാല്‍ അടുത്ത മാസത്തോടെ ജര്‍മനി അതിര്‍ത്തി നിയന്ത്രണം നീക്കുമെന്ന് ആഭ്യന്തര മന്ത്രി തോമസ് ഡി മെയ്സ്യര്‍.

ഇപ്പോഴത്തെ ഉത്തരവനുസരിച്ച് മേയ് 12 വരെയാണു നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബാള്‍ക്കന്‍ രാജ്യങ്ങള്‍ അതിര്‍ത്തി അടച്ചതോടെ ജര്‍മനിയിലേയ്ക്കുള്ള അഭയാര്‍ഥി പ്രവാഹത്തിനും കുറവു വന്നിരുന്നു. ഇതിനു പിന്നാലെ, ഗ്രീസിലെത്തുന്ന അഭയാര്‍ഥികളെ തുര്‍ക്കിയിലേക്കു തിരിച്ചയയ്ക്കുന്ന പദ്ധതിക്കു തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്.

ദിവസേന പതിനായിരത്തോളം അഭയാര്‍ഥികള്‍ ജര്‍മനിയിലെത്തിക്കൊണ്ടിരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സിറിയ, അഫ്ഗാനിസ്ഥാന്‍, ഇറാക്ക് എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് ഇവരിലേറെയും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍