ബെര്‍ലിന്‍, റോം നഗരങ്ങളില്‍ ആക്രമണം നടത്തുമെന്ന് ഐഎസ്
Wednesday, April 6, 2016 5:47 AM IST
ബെര്‍ലിന്‍: ആക്രമണ ഭീഷണി സന്ദേശവുമായി ഭീകരസംഘടനയായ ഇസ്ലാമിക് സ്റേറ്റ്സിന്റെ വീഡിയോ പുറത്തു വന്നു.

കത്തോലിക്കാ സഭയുടെ ആസ്ഥാനമായ റോം നഗരം, യുകെ പാര്‍ലമെന്റ്, പാരീസിലെ ഐഫല്‍ ടവര്‍ എന്നിവ തകര്‍ന്നു വീഴുന്നതിന്റെ ചിത്രങ്ങളും ഇസ്ലാമിക് സ്റേറ്റ് പുറത്തുവിട്ട വിഡിയോയില്‍ ഉണ്ട്. കൂടാതെ ലണ്ടന്‍ നഗരം, ജര്‍മന്‍ തലസ്ഥാനം ബെര്‍ലിന്‍ എന്നിവിടങ്ങളിലും ആക്രമണം നടത്തുമെന്നും ഐഎസ് ഭീഷണി മുഴക്കുന്നു.

പാരീസില്‍ ചാവേര്‍ സ്ഫോടനം നടത്തിയത് അവിശ്വാസികളെയും മുസ്ലിംകള്‍ അല്ലാത്തവരെയും ഇല്ലാതാക്കാന്‍ ക്രിസ്ത്യന്‍ രാജ്യങ്ങള്‍ക്കുള്ള മുന്നറിയിപ്പാണെന്ന് ഐഎസ് പറയുന്നു. ഇന്നലെ പാരിസ് ആയിരുന്നെങ്കില്‍ നാളെ അത് ലണ്ടനോ ബെര്‍ലിനോ റോമോ ആയിരിക്കും. ഒന്നുകില്‍ നിങ്ങള്‍ ഇസ്ലാമില്‍ ചേരുക. അല്ലെങ്കില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുക ഇങ്ങനെയാണു വീഡിയോയിലെ വാചകങ്ങളില്‍ പറയുന്നത്.

ലഭിക്കുന്ന എന്ത് ആയുധവും പാശ്ചാത്യ ശക്തികള്‍ക്കെതിരേ പ്രയോഗിക്കാന്‍ ഐഎസ് മടി കാട്ടുകയില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ മുന്നറിയിപ്പു നല്‍കിയതിനു പിന്നാലെയാണ് ഐഎസിന്റെ ഭീഷണി സന്ദേശം പുറത്തുവന്നിരിക്കുന്നത്.

ഇറ്റലി, യുകെ, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ഇത്തരം പ്രസ്താവനകള്‍ കണ്ട് ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും സംശയകരമായ ഏതു പ്രവൃത്തികളും നീക്കങ്ങളും ക്രിമിനല്‍ പോലീസിനെ അറിയിക്കണമെന്നും അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍