മാഞ്ചസ്റര്‍ കാത്തലിക് അസോസിയേഷന്റെ ഈസ്റര്‍ ആഘോഷങ്ങള്‍ വര്‍ണാഭമായി
Tuesday, April 5, 2016 6:09 AM IST
മാഞ്ചസ്റര്‍: കേരള കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്ററിന്റെ (കെസിഎഎം) ഈസ്റര്‍ ആഘോഷപരിപാടികള്‍ വര്‍ണാഭമായി.

സെയില്‍ മൂര്‍ കമ്യൂണിറ്റി സെന്ററില്‍ നടന്ന ആഘോഷ പരിപാടികള്‍ മികച്ച ജനപങ്കാളിത്തം കൊണ്ടും പരിപാടികളുടെ മികവിനാലും ജനശ്രദ്ധ ആകര്‍ഷിച്ചു. ഉച്ചകഴിഞ്ഞ് 1.30നു നടന്ന ജപമാലയെ തുടര്‍ന്ന് ആഘോഷപൂര്‍വമായ ദിവ്യബലിയോടെയാണു പരിപാടികള്‍ക്കു തുടക്കമായത്. ഷ്രൂഷ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ളെയിന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി ദിവ്യബലിക്ക് കാര്‍മികത്വം വഹിച്ചു.

ദിവ്യബലിയെ തുടര്‍ന്നു നടന്ന പൊതുസമ്മേളനം റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി ഉദ്ഘാടനം ചെയ്തു ഈസ്റര്‍ സന്ദേശം നല്‍കി. അസോസിയേഷന്‍ പ്രസിഡന്റ് ജയ്സണ്‍ ജോബ് അധ്യക്ഷത വഹിച്ചു. പൌരോഹിത്യ ജീവിതത്തില്‍ 35 വര്‍ഷം പൂര്‍ത്തിയാക്കിയ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരിക്ക് അസോസിയേഷന്‍ ചെയര്‍മാന്‍ ടോമി തെനയന്‍ ഉപഹാരം നല്‍കി ആദരിച്ചു. സെക്രട്ടറി ജിനോ ജോസഫ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സീറോ മലങ്കര ചാപ്ളെയിന്‍ ഫാ. തോമസ് മടുക്കമൂട്ടില്‍, ട്രഷറര്‍ സാബു ചുണ്ടക്കാട്ടില്‍ എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്നു കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധങ്ങളായ പരിപാടികള്‍ക്ക് അരങ്ങേറി. അസോസിയേഷന്റെ യൂത്ത് വിംഗിലെ പ്രതിഭകള്‍ ഒട്ടേറെ പരിപാടികളുമായി വേദിയില്‍ തിമിര്‍ത്താടിയപ്പോള്‍ ഏവര്‍ക്കും മികച്ച വിരുന്നായി.

കലാഭവന്‍ മണിയോടുള്ള ആദരസൂചകമായി നടന്ന 'മണിമുഴക്കം' എന്ന പരിപാടിയെത്തുടര്‍ന്നു അരങ്ങേറിയ കോമഡി ഡാന്‍സോടെയാണ് കലാസന്ധ്യയ്ക്ക് തിരശീല വീണത്. തുടര്‍ന്നു വിളമ്പിയ വിഭവസമൃദ്ധമായ ഈസ്റര്‍ ഡിന്നറും ആസ്വദിച്ച ശേഷമാണ് ഏവരും ഭവനങ്ങളിലേക്കു മടങ്ങിയത്. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും അസോസിയേഷന്‍ എക്സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി ജിനോ ജോസഫ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍